facebook/ V S Achuthanandan
KERALA

വി.എസ്. അച്യുതാനന്ദൻ്റെ സംസ്‌കാരം ബുധനാഴ്ച; ഇന്ന് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനം

തുടര്‍ന്ന് ഭൗതികശരീരം രാത്രിയോടെ അവിടെ നിന്ന് തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക്‌ കൊണ്ടുപോകും.

Author : ന്യൂസ് ഡെസ്ക്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി മൃതദേഹം ആലപ്പുഴയില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ നിന്ന് വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. അവിടെ പൊതുദർശനം ഉണ്ടാകും. തുടര്‍ന്ന് രാത്രിയോടെ അവിടെ നിന്ന് തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക്‌ കൊണ്ടുപോകും.

ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടില്‍ നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദർശനത്തിനായി മൃതദേഹം കൊണ്ടുപോകും. എല്ലാവര്‍ക്കും പൊതുദര്‍ശനത്തിന് അവസരമൊരുക്കും. ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.

രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് എത്തിച്ച് പൊതുദര്‍ശനത്തിന് അനുവദിക്കും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കുമെന്നും എം.വി. ഗോവിന്ദന്‍ അറിയിച്ചു.

SCROLL FOR NEXT