സ്വാതന്ത്ര്യ ദിനത്തിൽ ലുങ്കി ഉടുത്ത് പതാക ഉയർത്തി വി.ടി. ബൽറാം എംഎൽഎ. പാലക്കാട് തൃത്താല പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് ബൽറാം പതാക ഉയർത്തിയത്. വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം, സാംസ്കാരിക ശീലങ്ങളെ സംരക്ഷിക്കുവാനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ സ്വാതന്ത്ര്യത്തിന്റെ അടരുകൾ പലതാണെന്ന് ബല്‍റാം ഫേസ്ബുക്കിലും കുറിച്ചു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെ ബിജെപി അംഗം സുഷ്മിത ദേബ് 'ലുങ്കിവാല' എന്ന് പരിഹസിച്ചതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു വി.ടി. ബല്‍റാം ദേശീയ പതാക ഉയര്‍ത്തിയത്. വെള്ള ഖദര്‍ ഷര്‍ട്ടിനൊപ്പം ലുങ്കി ധരിച്ചാണ് ബല്‍റാം ചടങ്ങിനെത്തിയത്. പിന്നാലെ ചിത്രത്തിനൊപ്പം, ഫേസ്ബുക്കില്‍ സ്വാതന്ത്യദിന കുറിപ്പും പങ്കുവച്ചു. "വസ്‌ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം, വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരായ സ്വാതന്ത്ര്യം, സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം, അഭിമാനകരമായ അസ്‌തിത്വത്തിനള്ള സ്വാതന്ത്ര്യം, അങ്ങനെ സ്വാതന്ത്ര്യത്തിൻ്റെ അടരുകൾ പലതാണ്, അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു. ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ" -എന്നായിരുന്നു ബല്‍റാമിന്റെ വാക്കുകള്‍.
കഴിഞ്ഞവാരം സുഷ്മിത ദേബിന്റെ 'ലുങ്കിവാല' പരിഹാസം പാര്‍ലമെന്റില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പ്രതിപക്ഷം ഒന്നടങ്കം പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. പിന്നാലെ, കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വെള്ള മുണ്ടുടുത്ത് പാര്‍ലമെന്റില്‍ എത്തുകയും ചെയ്തിരുന്നു. പരമ്പരാഗത വസ്ത്രധാരണത്തെ അപമാനിച്ച നടപടിയോടായിരുന്നു പ്രതിപക്ഷത്തിന്റെ മുണ്ടുടുത്തുള്ള പ്രതിഷേധം.