VV Rajesh
KERALA

തർക്കുത്തരം പറയാനോ ഗുസ്തി പിടിക്കാനോ ഇല്ല; ബസ് തിരികെ എടുക്കാനുള്ള പ്ലാൻ കോർപ്പറേഷനില്ല: സിറ്റി ബസ് വിവാദത്തിൽ ഗതാഗത മന്ത്രിക്ക് മേയറുടെ മറുപടി

പത്തോ നൂറോ ബസ് ഇടാനുള്ള സ്ഥലം കോർപ്പറേഷന് ഉണ്ട്. ആ സാഹചര്യം വന്നാൽ അപ്പോൾ ആലോചിക്കാമെന്നും മേയർ പറഞ്ഞു

Author : പ്രിയ പ്രകാശന്‍

തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് മറുപടിയുമായി മേയർ വി.വി. രാജേഷ്. തർക്കുത്തരം പറയാനോ ഗുസ്തി പിടിക്കാനോ ഇല്ലെന്നും, ബസ് തിരികെ എടുക്കാനുള്ള പ്ലാൻ കോർപ്പറേഷനില്ലെന്നും വി.വി. രാജേഷ് വ്യക്തമാക്കി. ബസിൻ്റെ ബാറ്ററി പരമാവധി ഓടിക്കഴിഞ്ഞു. കരാർ ഒപ്പിട്ടാൽ അത് പാലിക്കണമെന്നും വി.വി. രാജേഷ് ചൂണ്ടിക്കാട്ടി.

പത്തോ നൂറോ ബസ് ഇടാനുള്ള സ്ഥലം കോർപ്പറേഷന് ഉണ്ട്. ആ സാഹചര്യം വന്നാൽ അപ്പോൾ ആലോചിക്കാമെന്നും മേയർ പറഞ്ഞു. 150 ബസുകൾ ഇറക്കി ഗ്രാമീണ മേഖലയിൽ ഓടിച്ചാൽ പ്രശ്നം തീരും. നഷ്ടം എന്ന് പറയുന്നത് ശരിയല്ല. ഇലക്ട്രിക് ബസ് മാത്രം നോക്കിയാൽ ലാഭം തന്നെയാണ്. കരാർ നടപ്പാക്കണമെന്ന് മുൻ മേയർ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം കൗൺസിലിൽ ചർച്ച ചെയ്യുമെന്നും വി.വി. രാജേഷ് വ്യക്തമാക്കി.

സ്മാർട്ട് സിറ്റിയുടെ ഭാഗമായി കോർപ്പറേഷൻ കെഎസ്ആർടിസിക്ക് നൽകിയ 113 ഇലക്ട്രിക് ബസുകളെ നഗരത്തിനുള്ളിൽ തന്നെ സർവീസ് നടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് മേയർ പറഞ്ഞതിന് പിന്നാലെയാണ് ബസിനെ ചൊല്ലിയുള്ള വിവാദം ഉടലെടുത്തത്. സിറ്റി ബസുകൾ നഗരത്തിൽതന്നെ സർവീസ് നടത്തി, തുച്ഛമായ ടിക്കറ്റ് നിരക്ക് ഈടാക്കണമെന്ന് കെഎസ്ആർടിസി കോർപ്പറേഷനുമായി കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ ഈ കരാർ ലംഘിച്ച് കെഎസ്ആർടിസി സിറ്റി ബസാക്കിയെന്നും മറ്റു സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയെന്നും വി.വി. രാജേഷ് ആരോപിച്ചിരുന്നു.

കെഎസ്ആർടിസിക്ക് നൽകിയ ഇലക്ട്രിക് ബസുകൾ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എഴുതിതന്നാൽ 24 മണിക്കൂറിനുള്ളിൽ 113 വണ്ടികളും കോർപ്പറേഷന് തിരികെ നൽകുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 113 ബസുകളാണ് സ്മാർട്ട്‌ സിറ്റി പദ്ധതിയിലുള്ളത്. സിറ്റി ബസുകളിൽ ഒന്നും തിരുവനന്തപുരത്തിന് പുറത്ത് ഓടുന്നില്ല. പഠിച്ചിട്ട് മാത്രം പറയണമെന്നും, മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മന്ത്രി പറഞ്ഞിരുന്നു.

കോർപ്പറേഷന് വാശിയാണെങ്കിൽ, മുഴുവൻ ബസും തിരിച്ചു നൽകിയേക്കാം എന്നാണ് മന്ത്രിയുടെ പക്ഷം. നടത്തിപ്പ് കോർപ്പറേഷൻ ഏറ്റെടുക്കട്ടെ. സിറ്റി ബസ് ഉപയോഗിച്ചല്ല കെഎസ്ആർടിസി ജീവിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. ലോഹ്യമായിട്ടാണെങ്കിൽ ലോഹ്യമായിട്ട് നിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു.

SCROLL FOR NEXT