വൈറ്റില മെട്രോ സ്റ്റേഷനു സമീപം സിൽവർ സാൻഡ് ഐലൻഡിൽ ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ നിർമിച്ച ചന്ദർകുഞ്ജ് ഫ്ലാറ്റ് പൊളിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ടെൻഡർ നടപടി ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ ഹൈക്കോടതി ടെൻഡർ നേടിയ കമ്പനിക്ക് ഫ്ലാറ്റ് പൊളിക്കാമെന്ന് അറിയിച്ചു. ടെൻഡർ നടപടികളിൽ ക്രമക്കേട് ഇല്ലെന്നും കോടതി വ്യക്തമാക്കി.മരടിൽ മുൻപ് വിജയകരമായി ഫ്ലാറ്റുകൾ പൊളിച്ചുമാറ്റിയ എഡിഫിസ് എൻജിനീയറിങ് എന്ന കമ്പനിക്ക് കരാർ നൽകിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട ഹർജികളാണ് കോടതി തള്ളിയത്.
പൊതുജന താല്‍പ്പര്യവും പ്രദേശവാസികളുടെ സുരക്ഷയും മുൻനിർത്തി സാങ്കേതിക മികവുള്ള സ്ഥാപനത്തെ തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നിർണായക വിധി. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലുള്ള കമ്മിറ്റിയും പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വവും ചേർന്നാണ് ഫ്ലാറ്റ് പൊളിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. സമീപത്തുകൂടി കടന്നു പോകുന്ന മെട്രോ റെയിലിനും സ്റ്റേഷനും തൊട്ടടുത്ത കെട്ടിടങ്ങൾക്കും ഫ്ലാറ്റ് സമുച്ചയത്തിൽ അവശേഷിക്കുന്ന ഒരു ടവറിലെ താമസക്കാർക്കും അപകടം ഉണ്ടാകാത്ത രീതിയിൽ കെട്ടിടം അടിയന്തരമായി പൊളിച്ചു നീക്കുന്നതിനുള്ള നിർദേശം ഡിമോളിഷൻ കമ്മിറ്റി കരാറുകാരായ എഡിഫൈസ് എൻജിനിയറിങ് എന്ന മുംബൈ കംബനിക്ക് നൽകി.
എന്നാൽ കുറഞ്ഞ തുക കോട്ട് ചെയ്ത തങ്ങൾക്കാണ് കരാർ ലഭിക്കേണ്ടിയിരുന്നതെന്നും, നൽകിയ കരാർ റദ്ദാക്കണമെന്നും കെട്ടിടം പൊളിക്കുന്ന നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തമിഴ്നാട് തിരുവള്ളൂരിലുള്ള പികെ യൂണിക് പ്രൊജക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും, വൈദ്യഗ്ധ്യം ഇല്ലാത്ത കാരണത്താൽ പ്രാഥമിക ഘട്ടത്തിൽ അയോഗ്യരാക്കിയ പൊന്നുലിംഗവും വ്യത്യസ്ത റിട്ട് ഹര്‍ജികളുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ടെക്നിക്കൽ മൂല്യനിർണയത്തിന് എഴുപത് ശതമാനവും ഫിനാൻസ് ബിഡിന് മുപ്പത് ശതമാനവും വെയിറ്റേജ് നൽകി മാനദണ്ഡങ്ങളിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.
എന്നാൽ കെട്ടിടം പൊളിക്കുന്നതിന് ഉപയോഗിക്കുന്ന സംവിധാനങ്ങളും അതിൽ അവർക്കുള്ള വൈദഗ്ധ്യവും പരിശോധിച്ചശേഷമാണ് മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ച് പരിചയമുള്ള എഡിഫിസ് കമ്പനിക്ക് കരാർ നൽകാൻ തീരുമാനിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത്തരം ഘട്ടങ്ങളിൽ മനുഷ്യ ജീവനാണ് പ്രാധാന്യം നൽകുന്നത്. കരാർ തുകകളിലെ കേവല വ്യതിയാനങ്ങൾ സർക്കാരിന് പരിഗണിക്കാൻ സാധിക്കില്ല. മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ച പരിചയമുള്ള കമ്പനി എന്ന രീതിയിലാണ് ഡിമോളിഷൻ കമ്മിറ്റി കരാർ ഉറപ്പിച്ചത്. ഹർജിക്കാര്‍ക്ക് ഇത്തരത്തിൽ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയ പരിചയമില്ലെന്നും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മുഹമ്മദ് ഷാ വാദിച്ചു. കൊച്ചി മെട്രോ അടക്കമുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങൾക്ക് കേടുപാട് സംഭവിക്കാതെ കെട്ടിടം പൊളിച്ചു നീക്കുക എന്നത് മാത്രമാണ് സർക്കാരിന്റെ താല്‍പ്പര്യമെന്നും അദ്ദേഹം കോടതിയെ ബോധ്യപ്പെടുത്തി.
സർക്കാരിന്റെ വാദം കോടതി പൂർണമായി അംഗീകരിക്കുകയായിരുന്നു. കരാർ നൽകിയതിൽ ക്രമക്കേടുകൾ ഇല്ലെന്നും സാങ്കേതിക തികവുള്ള സ്ഥാപനത്തെ തന്നെ ചുമതലപ്പെടുത്തുന്നത് പൊതുതാല്‍പ്പര്യത്തിന് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജികൾ തള്ളിയത്.