Source: News Malayalam 24x7
KERALA

വാളയാർ ആൾക്കൂട്ട കൊലപാതകം: രാം നാരായണൻ്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി; അറസ്റ്റിലായവരിൽ ഒരാൾ കോൺഗ്രസുകാരനെന്ന് റിപ്പോർട്ട്

അട്ടപ്പള്ളം സ്വദേശി വിനോദ് കോൺഗ്രസ് പ്രവർത്തകനെന്നാണ് റിപ്പോർട്ടിലുള്ളത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട റാം നാരായൺ ബഗേലിൻ്റെ സംസ്കാര ചടങ്ങുകൾ ഛത്തീസ്ഗഡിൽ പൂർത്തിയായി. ഇന്നലെ രാത്രി ഒരുമണിയോടെയാണ് കുടുംബം മൃതദേഹവുമായി ഛത്തീസ്ഗഡിൽ എത്തിയത്. അതേസമയം കേസിൽ ഇന്നലെ അറസ്റ്റിലായവരിൽ ഒരാൾ കോൺഗ്രസ് പ്രവർത്തകനെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. അട്ടപ്പള്ളം സ്വദേശി വിനോദ് കോൺഗ്രസ് പ്രവർത്തകനെന്നാണ് റിപ്പോർട്ടിലുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് ദേശീയ ദേശീയമനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ്സെക്രട്ടറി എൻഎച്ച്ആർസിയിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണം. കൊലപാതകകുറ്റം, ധനസഹായം എന്നിവ സംബന്ധിച്ച റിപ്പോർട്ടാണ് നാളെ സമർപ്പിക്കേണ്ടത്.

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമികൾക്കെതിരെ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. എസ്‌സി-എസ്‌ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേസിൽ പ്രത്യേക അന്വേഷണ സംഘം രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. അതിക്രമം നടത്തിയ കൂടുതൽ പേരെ തിരിച്ചറിയാനാകാത്തതും സംഭവസമയത്തെ മറ്റ് ദൃശ്യങ്ങൾ ശേഖരിക്കാനാകാത്തതും എസ്ഐടിക്ക് മുന്നിൽ വെല്ലുവിളിയായി തുടരുകയാണ്.

റാം നാരായണിനെ തല്ലിക്കൊന്ന സംഘത്തിലുണ്ടായിരുന്ന മറ്റുചിലർ ഇപ്പോഴും ഒളിവിലാണ്. ചിലയാളുകൾ തമിഴ്നാട്ടിലുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചു. ആൾക്കൂട്ടം നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പലരുടെ മൊബൈലിൽ പകർത്തിയിരുന്നു എങ്കിലും പൊലീസിന് അതെല്ലാം ശേഖരിക്കാനായിട്ടില്ല. ഇത് കൂടുതൽ പ്രതികളെ തിരിച്ചറിയുന്നതിനും തെളിവ് ശേഖരണത്തിനും പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. ദൃശ്യങ്ങൾ പകർത്തിയ പല ഫോണുകളും ഇതിനകം നശിപ്പിച്ചതായി പ്രത്യേക അന്വേഷണസംഘം മനസ്സിലാക്കിയിട്ടുണ്ട്.

SCROLL FOR NEXT