പി. രാജീവ് 
KERALA

വഖഫ് ബോര്‍ഡ്: മുസ്ലീം ലീഗിന്റെ നിലപാട് ബിജെപിക്കൊപ്പം, മുഖ്യമന്ത്രി നുണ പറഞ്ഞപ്പോഴുള്ള നിശബ്ദത ഏറ്റവും വലിയ ചതി: പി. രാജീവ്

വിധി വരുന്നതുവരെ ഒഴിവുകളിടുക എന്ന നിലപാടാണ് ഡിഎംകെ സർക്കാരും എൽഡിഎഫ് സർക്കാരും സ്വീകരിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഇസ്ലാമിക മതവിശ്വാസമനുസരിച്ചുള്ള വഖഫ് കൈകാര്യം ചെയ്യാൻ അമുസ്ലീം വേണമെന്ന് സമ്മതിച്ച മുസ്ലീം ലീഗിന്റെ നിലപാട് ബിജെപിക്കൊപ്പമാണെന്ന് പി. രാജീവ്. വഖഫ് നിയമം ചോദ്യം ചെയ്യുന്ന കേസുകളെല്ലാം തള്ളിപ്പോയെന്നും അമുസ്ലീം വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തേണ്ടത് ബൈന്‍ഡിങ് ആണെന്നുമുള്ള നുണ മുഖ്യമന്ത്രി പറഞ്ഞപ്പോള്‍, മുസ്ലീം ലീഗ് സ്വീകരിച്ച നിശബ്ദത ഏറ്റവും വലിയ ചതിയാണെന്നും രാജീവ് വിമര്‍ശിച്ചു. വഖഫ് ബോർഡിൽ അമുസ്ലീം വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തിയതിന്റെ നിയമസാധുതയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. വിധി വരുന്നതുവരെ ഒഴിവുകളിടുക എന്ന നിലപാടാണ് തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരും കേരളത്തിലെ എൽഡിഎഫ് സർക്കാരും സ്വീകരിച്ചത്. എന്നാല്‍, ഇപ്പോഴേ വിധി പ്രതികൂലമായിയെന്ന് പ്രഖ്യാപിച്ച് അമുസ്ലീമിനെ ബോർഡിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച യുഡിഎഫ് സർക്കാർ ഫലത്തിൽ ബിജെപി സർക്കാർ തന്നെയാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ രാജീവ് വിമര്‍ശിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

ചിത്രത്തിൽ ആദ്യം കാണുന്നത് പാണക്കാട് ഉമ്മറലി ശിഹാബ് തങ്ങളാണ്. 2006ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ലീഗ് നേതാവായിരുന്ന ഉമ്മറലി ശിഹാബ് തങ്ങൾ ആയിരുന്നു വഖഫ്ബോർഡ് ചെയർമാൻ. മുസ്ലീം ലീഗ് അധ്യക്ഷനായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരൻ. എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ ലീഗ് നയിക്കുന്ന ബോർഡ് പിരിച്ചുവിടാനല്ല നോക്കിയത്. ആ ബോർഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ പിന്തുണ നൽകി. ചെയർമാനായിരിക്കുമ്പോഴാണ് അദ്ദേഹം നിര്യാതനായത്. അപ്പോൾ ബാർ കൗൺസിൽ പ്രതിനിധിയായ അഡ്വ. ടി.കെ. സെയ്താലിക്കുട്ടി ലീഗിന്റെ ഭാഗമായി മാറി ചെയർമാനായി. ആ ബോർഡിന്റെ കാലാവധി പൂർത്തീകരിച്ച് 2008ലാണ് പിരിയുന്നത്.

ചിത്രത്തിൽ രണ്ടാമത് കാണുന്നത് പാണക്കാട് റഷീദലി തങ്ങളാണ്. 2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ ഇദ്ദേഹമായിരുന്നു വഖഫ് ബോർഡ് ചെയർമാൻ. ആ ബോർഡിനെയും പിരിച്ചുവിടാൻ എന്തെങ്കിലും സാധ്യതയുണ്ടോയെന്നല്ല എൽഡിഎഫ് നോക്കിയത്. പകരം ആ ബോർഡിന് പ്രവർത്തിക്കാൻ എല്ലാ പിന്തുണയും നൽകി. മൂന്നുവർഷം കൂടി തുടർന്ന് 2019 ൽ കാലാവധി പൂർത്തീകരിച്ചു.

ഇടതുപക്ഷം നിയമിച്ച ബോർഡല്ലേയെന്നും പുതിയ നിയമമനുസരിച്ച് സർക്കാരിന്റെ പ്രീതി [pleassure] ഇല്ലെങ്കിൽ നടപടിയെടുക്കാമെന്നും വഖഫ് വകുപ്പ് മന്ത്രി കൂടിയായ മുസ്ലീം ലീഗ് നേതാവും അഭിഭാഷകനുമായ ശ്രീ ഷംസുദ്ദിൻ മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ഏത് നിയമമാണ് മുസ്ലീം ലീഗ് നോക്കുന്നത്? മുസ്ലീം വിശ്വാസസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ നുണകൾ നിർമ്മിക്കുകയാണ് ലീഗും. 1995 ലെ നിയമത്തിൽ 20-ാം വകുപ്പാണ് ചെയർപേഴ്സനെയും അംഗങ്ങളെയും നീക്കം ചേയ്യാനുള്ളത്. ആ വകുപ്പ് അതേ പോലെ തന്നെയാണ് ഭേദഗതി നിയമത്തിൽ നിലനിർത്തിയിട്ടുള്ളത്. അപ്പോൾ സർക്കാരിന്റെ പ്രീതിക്ക് നടപടിയെടുക്കാമെന്ന ലീഗിന്റെ നിലപാട് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ്. ഗൗരവമായ വ്യതിയാനം വന്നാൽ ചെയർമാനെ നീക്കം ചെയ്യാൻ 20 (b) സർക്കാരിന് അധികാരം നൽകുന്നുമുണ്ട്. പണം വകമാറ്റി ചെലവഴിക്കുന്നതുപോലെയുള്ള ഗൗരവമായ പ്രശ്നങ്ങളിൽ സർക്കാർ ഇടപ്പെട്ടിട്ടുമുണ്ട്.

അവിശ്വാസപ്രമേയത്തിലൂടെ ചെയർമാനെ നീക്കംചെയ്യാൻ ബോർഡിന് വഖഫ് നിയമത്തിലെ 20A വകുപ്പ് അധികാരം നൽകിയിരുന്നു. എന്നാൽ നിയമം ഭേദഗതി ചെയ്തപ്പോൾ ആ വകുപ്പ് ഇല്ലാതാക്കി. അതുകൊണ്ട് സംസ്ഥാനഭരണം ഉപയോഗിച്ച് അംഗങ്ങളെ തിരുകികയറ്റിയാലും ഭൂരിപക്ഷം ഉപയോഗിച്ച് ചെയർമാനെ പുറത്താക്കാൻ കഴിയില്ല. അതുകൊണ്ടാണ് കോടതി വഴി ഈ ബോർഡ് രൂപീകരണം തന്നെ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ കഴിയുമോമെന്നാണ് യുഡിഎഫും ബിജെപിയും ഡിലുണ്ടാക്കി ശ്രമിക്കുന്നത്. അമുസ്ലീം വിഭാഗത്തിൽപ്പെട്ടവരെ ബോർഡിൽ ഉൾപ്പെടുത്തിയാലും കുഴപ്പമില്ല തങ്ങളുടെ ഇഷ്ടക്കാരനെ , പറ്റുമെങ്കിൽ പഴയതുപോലെ, പാണക്കാട് കൂടുംബത്തിൽ നിന്നുള്ളയാളെ, ചെയർമാനാക്കുക മാത്രമാണ് ലക്ഷ്യം. ഇസ്ലാമിക മതവിശ്വാസമനുസരിച്ചുള്ള വഖഫ് കൈകാര്യം ചെയ്യാൻ അമുസ്ലീം വേണമെന്ന് സമ്മതിച്ച മുസ്ലീം ലീഗിന്റെ നിലപാട് ബിജെപിക്കൊപ്പമാണ്.

വഖഫ് നിയമം ചോദ്യം ചെയ്യുന്ന കേസുകൾ എല്ലാം തള്ളിപ്പോയെന്നും അമുസ്ലീം വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തേണ്ടത് binding ആണെന്ന നുണ മുഖ്യമന്ത്രി പറഞ്ഞപ്പോൾ മുസ്ലീം ലീഗം സ്വീകരിച്ച നിശബ്ദതയുണ്ടല്ലോ അതാണ് ഏറ്റവും വലിയ ചതി. കേസ്സിൽ കക്ഷിയായ മുസ്ലീം ലീഗിന് അറിയാമല്ലോ ആഗസ്ത് 25 ന് സുപ്രീംകോടതി കേസ് കേൾക്കാൻ പോകുന്നു വെന്നത്. വഖഫ് ബോർഡിൽ അമുസ്ലീം വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തിയതിന്റെ നിയമസാധുതയാണ് പ്രധാനമായും സുപ്രീം കോടതി പരിശോധിക്കുന്നത്. ആ വിധി വരുന്നതുവരെ ഒഴിവുകളിടുക എന്നതാണ് തമിഴ്നാടിലെ ഡി എംകെ സർക്കാരും കേരളത്തിലെ എൽഡിഎഫ് സർക്കാരും സ്വീകരിച്ചതെങ്കിൽ ഇപ്പോഴെ വിധി പ്രതികൂലമായിയെന്ന് പ്രഖ്യാപിച്ച് അമുസ്ലീമിനെ ബോർഡിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച യുഡിഎഫ് സർക്കാർ ഫലത്തിൽ ബിജെപി സർക്കാർ തന്നെ.

SCROLL FOR NEXT