പത്തനംതിട്ട: ചിറ്റാറിലെ യുവാവിൻ്റെ മരണം കൊലപാതകം എന്ന് സംശയം. അടുപ്പത്തിലായിരുന്ന പെൺകുട്ടിയെ വിളിച്ചു കൊണ്ടുവരാൻ പോകുന്നുവെന്ന് ബന്ധുക്കളെ അറിയിച്ചാണ് സന്ദീപ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ശേഷമാണ് വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
35കാരനായ സന്ദീപിനെ കഴിഞ്ഞ ദിവസം വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മകന് മർദനമേറ്റിട്ടുണ്ടെന്നാണ് സന്ദീപിന്റെ അച്ഛൻ സദാനന്ദന്റെ ആരോപണം.
ആശുപത്രിയിൽ എത്തുന്ന ഘട്ടത്തിൽ ശരീരത്തിൽ മുറിവുകളോ പാടുകളോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. വീണത് വലിയ കുഴിയിലേക്കല്ലെന്നും അതിനാൽ കുഴിയിലേക്ക് വീണ് മരിക്കാനുള്ള സാധ്യതയില്ലെന്നും പൊലീസ് പറയുന്നുണ്ട്. സന്ദീപിൻ്റെ മരണത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.