കൊച്ചി: എറണാകുളത്ത് സിനഗോഗിന് സമീപം തീയിട്ട സംഭവത്തിൽ ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പിനെ സംശയിച്ച് പൊലീസ്. അറസ്റ്റിലായ എബിൻ പോൾ ബിഷ്ണോയ് ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പ് അംഗമെന്ന് എസ്ഐടി. ടെലഗ്രാം ഗ്രൂപ്പിലെ എസ്.ആർ എന്ന ഐഡിയിൽ ഉള്ള ആളാണ് എബിന് നിർദേശം നൽകിയത്. പൊലീസ് അന്വേഷിക്കുന്ന 'ബോസ്' ബിഷ്ണോയി സംഘാംഗം എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
ഇതേ ഗ്രൂപ്പിലെ അംഗമായ വിക്രം എന്ന ഐഡിയിൽ നിന്നും ലഭിച്ച നിർദേശത്തെ തുടർന്നാണ് മൂവാറ്റുപുഴയിൽ യൂസ്ഡ് കാർ ഷോറൂമിന് മുന്നിൽ തീയിട്ടത്. രാജ്യാന്തര ക്വട്ടേഷൻ സംഘത്തിൻ്റെ ഇടപെടൽ വിശദമായി അന്വേഷണ സംഘം പരിശോധിക്കുകയാണ്.
കഴിഞ്ഞ പന്ത്രണ്ടാം തീയതി പുലർച്ചെയാണ് ബ്രോഡ്വേയിലെ കടവുംഭാഗം സിനഗോഗിന് മുന്നിൽ തീപിടുത്തമുണ്ടാകുന്നത്. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് കൊച്ചി സ്വദേശിയായ എബിൻ പോൾ പിടിയിലാകുന്നത്. എന്നാൽ ഇയാളെ ചോദ്യം ചെയ്തതോടെയും ഫോൺ രേഖകൾ പരിശോധിച്ചതോടെയുമാണ് നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കേവലം ഒരു തീവയ്പ് കേസ് എന്നതിനപ്പുറം വലിയൊരു ഗൂഢാലോചനയാണ് ഇതിനു പിന്നിൽ നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മുൻപും സമാനമായ രീതിയിൽ ഇയാൾ തീവയ്പ്പുകൾ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. വാളകം അമ്പലപ്പടിയിൽ ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടന്ന വീടിന് ജനുവരിയിലും മാർച്ചിലുമായി രണ്ടു തവണയാണ് ഇയാൾ തീയിട്ടത്. പിന്നീട് മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിനും, തൃപ്പൂണിത്തുറയിലും ഇയാൾ തീവയ്പ്പ് നടത്തി.
ഓരോ തവണ തീയിട്ട ശേഷവും അതിൻ്റെ ദൃശ്യങ്ങൾ പകർത്തി 'ബോസ്' എന്ന് വിശേഷിപ്പിക്കുന്ന അജ്ഞാത വ്യക്തിയുടെ ചാറ്റിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു ഇയാളുടെ രീതി. ദൃശ്യങ്ങൾ ലഭിക്കുന്നതോടെ ഇതിനുള്ള വലിയൊരു തുക പ്രതിഫലമായി എബിൻ്റെ അക്കൗണ്ടിലേക്ക് എത്തും. ഓരോ തവണയും പ്രതിഫലം ഉയർത്തി നൽകി കൊച്ചിയിൽ വൻ ആക്രമണം നടത്താനാണ് പദ്ധതിയിട്ടിരുന്നത് എന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. ഇയാളുടെ ഫോണിൽ നിന്നുള്ള കൂടുതൽ ഡിജിറ്റൽ തെളിവുകൾ പുറത്തുവരുന്നതോടെ കേസ് പൂർണമായും കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കും. ആക്രമണങ്ങൾക്ക് പിന്നിലെ അജ്ഞാതനായ 'ബോസ്' ആരാണെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.