കൊച്ചി: ദേശീയ പാതകളിലെ എല്ലാ പെട്രോള്‍ പമ്പുകളിലെയും ശുചിമുറികള്‍ 24 മണിക്കൂറും യാത്രികര്‍ക്കായി തുറന്നിടണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് പരിഷ്‌കരിച്ച് ഹൈക്കോടതി. ദേശീയ പാതകളിലെ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ മാത്രം ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയാല്‍ മതിയെന്നും അല്ലാത്ത സമയങ്ങളില്‍ ബാധകമല്ലെന്നുമാണ് പരിഷ്‌കരിച്ച ഉത്തരവ്. ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് പി.വി. ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് പരിഷ്‌കരിച്ചത്.
പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശുചിമുറികളാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ അഞ്ചോളം പമ്പുടമകള്‍ രംഗത്തെത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുശുചിമുറികളാക്കേണ്ടതില്ലെന്ന് ആദ്യം സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
പിന്നീട് ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണമെന്നും പമ്പുകള്‍ക്ക് മുന്നില്‍ ശുചിമുറി ഉപയോഗിക്കാമെന്ന തരത്തില്‍ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു.
ഈ ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ടാണ് സംഘടനകള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. പമ്പുകള്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കാതെ എങ്ങനെയാണ് ശുചിമുറികള്‍ മുഴുവന്‍ സമയം തുറന്നു കൊടുക്കാനാവുകയെന്നായിരുന്നു സംഘടനകള്‍ ചോദിച്ചത്.
ഉത്തരവ് പരിഷ്‌കരിക്കുന്നതിനോടൊപ്പം ഹൈക്കോടതി പൊതുജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ പരിഗണിക്കാന്‍ നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യ ബാധ്യസ്ഥരാണെന്ന് വാക്കാല്‍ പറഞ്ഞു.
'അടിസ്ഥാനമായി ഇത് ദേശീയപാത അതോറിറ്റിയുടെ ജോലിയാണ്. വിദേശ രാജ്യങ്ങളിലൊക്കെ നിങ്ങള്‍ ഒരു പ്രത്യേക ദൂരം പിന്നിടുമ്പോള്‍ അവിടെ ആളുകളുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടാകും. എന്നാല്‍ ഇവിടെ അങ്ങനെ ഒരു സംവിധാനം ഒരുക്കിയിട്ടില്ല,' ഹൈക്കോടതി ചൂണ്ടിക്കാട്ടി.