തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ മാലിന്യ നിർമാജനവും പാളിയെന്ന് പരാതി. മാലിന്യ ശേഖരണത്തിന് പിന്നാലെ മാലിന്യനിർമാർജനവും പാളിയെന്നാണ് പരാതി. കെഎസ്ആർടിസിയുടെ ഈഞ്ചക്കലിലെ സ്ഥലത്താണ് കോർപ്പറേഷൻ മാലിന്യങ്ങൾ തള്ളിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ പൊങ്കാല മാലിന്യം ഒളിച്ച് കടത്തിയെന്നാണ് ആരോപണം. മാലിന്യം വേർതിരിക്കാതെ കൊണ്ടുവന്ന് തള്ളുന്ന ദൃശ്യം ന്യൂസ് മലയാളത്തിന് ലഭിച്ചു.
നേരത്തെ കോർപ്പറേഷൻ മാലിന്യങ്ങൾ നിക്ഷേപിക്കുമ്പോൾ തരം തിരിച്ചാണ് നിക്ഷേപിക്കാറുള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇത്തവണ നഗരസഭ നടപടികൾ പാലിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മാലിന്യ കൂമ്പാരമുള്ള മേഖലകൾ സിപിഐഎം നേതാക്കൾ സന്ദർശിച്ചു. രാത്രിയുടെ മറവിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയതാണെന്ന് ജില്ലാ സെക്രട്ടറി എ.എ. റഹീം ആരോപിച്ചു. ജനവാസ മേഖലയിൽ കൊണ്ട് തള്ളിയ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണം. അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ചെയ്യുമെന്ന് റഹീം പറഞ്ഞു.