മഴക്കെടുതി, ഡാമുകൾ തുറക്കുന്നു Source; News Malayalam 24X7
KERALA

ശക്തമായ മഴ, ജാഗ്രതാ നിർദേശം; മഴക്കെടുതി രൂക്ഷം, മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

വയനാട് റിസോർട്ട് - ഹോം സ്റ്റേകളിലെ പ്രവേശനം നിരോധിച്ചു. ജില്ലയിൽ വ്യാപക മഴ തുടരുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ കൺട്രോൾ റൂം തുറന്നു.

Author : ന്യൂസ് ഡെസ്ക്

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മാത്രം യെല്ലോ അലേർട്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്.

എറണാകുളം ജില്ലയിൽ ശക്തമായ കാറ്റും മഴയും തുടരുമെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയിൽ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി.ഉറിയംപെട്ടി, വെള്ളാരംകുത്ത് തുടങ്ങിയ ആദിവാസി ഉന്നതികളും, മണികണ്ഠൻചാൽ ഗ്രാമവും ഒറ്റപ്പെടൽ ഭീഷണിയിലാണ്. ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചു. ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം. തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഴയെത്തുടർന്ന് കൊച്ചിയിൽ ഇറങ്ങാൻ കഴിയാതെ 3 വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേയ്ക്ക് തിരിച്ചു വിട്ടു.

ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ പുഴ കരകവിഞ്ഞൊഴുകി. പേഴുംപാറ-ചാത്തമംഗലം റോഡിൽ വെള്ളം കയറി. റോഡിലൂടെയുള്ള ഗതാഗതം താൽക്കാലമായി നിർത്തി. വെള്ളം കയറിയ പുത്തൻതോട് ഭാഗത്തെ നാല് വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.

അതേ സമയം വയനാട് റിസോർട്ട് - ഹോം സ്റ്റേകളിലെ പ്രവേശനം നിരോധിച്ചു. ജില്ലയിൽ വ്യാപക മഴ തുടരുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ കൺട്രോൾ റൂം തുറന്നു. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമാണ് തുറന്നത്. കനത്ത മഴയെത്തുടർന്ന് പാലക്കാട് നെല്ലിയാമ്പതിയിൽ നിയന്ത്രണം ഏർപ്പെടുത്തി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വിനോദസഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. ചുരം പാതയിൽ അടക്കം മണ്ണിടിച്ചിൽ ഉണ്ടായതോടെയാണ് നിയന്ത്രണം.

നദികളിൽ ജലനിരപ്പ് ഉയരുന്നതും അശങ്ക ഉയർത്തുന്നുണ്ട്. പീച്ചി ഡാമിന്റെ നാല് ഷട്ടറുകളും നിലവിൽ എട്ടിഞ്ച് (20സെ.മി) തുറന്നിട്ടുണ്ട്. പാലക്കാട് പറമ്പിക്കുളം ഡാമിന്റെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും ഉയര്‍ത്തി. ജലനിരപ്പ് അപകടകരമായ രീതിയില്‍ തുടരുന്നതിനാല്‍ പത്തനംതിട്ട അച്ചന്‍കോവിലാറ്റില്‍ (തുമ്പമണ്‍ സ്റ്റേഷന്‍) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പൊരിങ്ങല്‍ക്കുത്ത് ഡാമിലെ രണ്ടാമത്തെ സ്ല്യൂസ് വാല്‍വ് തുറന്നു.ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

മാനന്തവാടി തലപ്പുഴ പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. തലപ്പുഴ പുഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പുഴ കരകവിഞ്ഞൊഴുകുന്നു.വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.കാപ്പിക്കളം പ്രദേശം 4 വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.

SCROLL FOR NEXT