KERALA

പുല്‍പ്പള്ളിയില്‍ മദ്യവും തോട്ടയും പിടികൂടിയ സംഭവം: 17 ദിവസം ജയില്‍വാസം, ഒടുവില്‍ നിരപരാധിയെന്ന് തെളിഞ്ഞതോടെ തങ്കച്ചന് മോചനം

ഇരുപത്തിരണ്ടാം തീയതി രാത്രി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുല്‍പ്പള്ളി പൊലീസ് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് തങ്കച്ചന്റെ വീട്ടില്‍ പരിശോധന നടത്തിയത്.

Author : ന്യൂസ് ഡെസ്ക്

പുല്‍പ്പള്ളി പെരിക്കല്ലൂരില്‍ മദ്യവും തോട്ടയും പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ തങ്കച്ചനെ വിട്ടയച്ചു. കേസില്‍ നിരപരാധിയെന്ന് തെളിഞ്ഞതോടെ പൊലീസ് തന്നെ വിട്ടയക്കുകയായിരുന്നുവെന്ന് തങ്കച്ചന്‍ പറഞ്ഞു. 17 ദിവസമാണ് തങ്കച്ചന്‍ വൈത്തിരിയിലെ സബ് ജയിയില്‍ കഴിഞ്ഞത്. അതേസമയം കേസില്‍ യഥാര്‍ഥ പ്രതി പ്രസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബം ആരോപിച്ചു.

ഇരുപത്തിരണ്ടാം തീയതി രാത്രി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുല്‍പ്പള്ളി പൊലീസ് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് തങ്കച്ചന്റെ വീട്ടില്‍ പരിശോധന നടത്തിയത്. വീട്ടിലെ പോര്‍ച്ചില്‍ കിടന്നിരുന്ന കാറിന്റെ അടിയില്‍ നിന്നാണ് കവറില്‍ സൂക്ഷിച്ച നിലയില്‍ 20 പാക്കറ്റ് കര്‍ണാടക മദ്യവും 15 തോട്ടയും കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കൃത്യമായി കേസ് അന്വേഷിച്ചിരുന്നെങ്കില്‍ തങ്കച്ചന്‍ ജയിലില്‍ ആകില്ലായിരുന്നുവെന്നും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരയാണ് തങ്കച്ചണെന്നും ഭാര്യ സിനി പറഞ്ഞു.

തന്നെ പിടിച്ചപ്പോള്‍ തന്നെ നിരപരാധിയാണെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് അക്കാര്യം കേട്ടില്ലെന്ന് തങ്കച്ചന്‍ പ്രതികരിച്ചു. തന്നെ പൊലീസ് ദേഹോപദ്രവം ഏല്‍പ്പിക്കുകയൊന്നും ചെയ്തിട്ടില്ല. കവറില്‍ ഫിംഗര്‍ പ്രിന്റ് പരിശോധിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടു. അത് കണ്ടാല്‍ തന്നെ ആരോ കൊണ്ടു വെച്ചതാണെന്ന് മനസിലാകുമെന്നും തങ്കച്ചന്‍ പറഞ്ഞു.

ഇപ്പോള്‍ അറസ്റ്റിലായ പ്രതി പ്രസാദ് ചൂണ്ടയില്‍ ഇട്ട ഇര മാത്രമാണ്. യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടു വരണം. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പ്രശ്‌നങ്ങളാണ് കേസിന് പിന്നില്‍. വീട്ടില്‍ കിടത്തി ഉറക്കില്ലെന്ന് വരെ ഭീഷണിയുണ്ടായിരുന്നതായും തങ്കച്ചന്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് വരെ സംഭവത്തില്‍ പങ്കുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ജാമ്യത്തില്‍ അല്ല പുറത്തിറങ്ങിയത്. നിരപരാധി ആണെന്ന് കണ്ട് വിടുകയാണെന്ന് പൊലീസ് അറിയിക്കുകയായിരുന്നുവെന്നും തങ്കച്ചന്‍ പറഞ്ഞു.

അറസ്റ്റിലായ തങ്കച്ചനെ അറിയില്ലെന്നും സംഭവവുമായി ഒരു ബന്ധവുമില്ലെന്നുമാണ് എന്‍ഡി അപ്പച്ചന്റെ പ്രതികരണം.

SCROLL FOR NEXT