വയനാട്: പുൽപ്പള്ളി തങ്കച്ചൻ കള്ളക്കേസിൽ ആരോപണ വിധേയനായ പഞ്ചായത്തംഗം ജീവനൊടുക്കി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടമാണ് മരിച്ചത്. വീടിനടുത്ത കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.
തന്നെ കള്ളക്കേസിൽ കുടുക്കിയത് പ്രാദേശിക കോൺഗ്രസ് നേതാക്കളാണെന്ന് തങ്കച്ചൻ പറഞ്ഞിരുന്നു. ഈ കൂട്ടത്തിൽ പെടുന്ന ആളായിരുന്നു ജോസ് നെല്ലേടവും. ഓഗസ്റ്റ് ഇരുപത്തിരണ്ടാം തീയതി രാത്രിയാണ് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രാദേശിക കോൺഗ്രസ് നേതാവ് കാനാട്ടുമലയിൽ തങ്കച്ചൻ്റെ വീട്ടിൽ പുൽപ്പള്ളി പൊലീസ് പരിശോധന നടത്തിയിരുന്നു.
വീട്ടിലെ പോർച്ചിൽ കിടന്നിരുന്ന കാറിൻ്റെ അടിയിൽ നിന്ന് കവറിൽ സൂക്ഷിച്ച നിലയിൽ 20 പാക്കറ്റ് കർണാടക മദ്യവും 15 തോട്ടയും കണ്ടെത്തി. എന്നാൽ കർണാടകയിൽ നിന്നും മദ്യം വാങ്ങിയ മരക്കടവ് സ്വദേശി പുത്തൻവീട്ടിൽ പ്രസാദിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തങ്കച്ചൻ നിരപരാധിയാണെന്ന് വ്യക്തമായത്. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ചാണ് തങ്കച്ചൻ 17 ദിവസത്തിന് ശേഷം ജയിൽ മോചിതനായത്.
തങ്കച്ചൻ്റെ വീട്ടിൽ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ജോസ് നെല്ലേടം ഉൾപ്പെടെയുള്ളവരാണെന്ന് തങ്കച്ചൻ ആരോപിച്ചിരുന്നു. കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ജോസ് നെല്ലേടം ജീവനൊടുക്കിയത്.