മുസ്ലീം ലീഗ് ഭവന പദ്ധതി നടപ്പാക്കുന്ന സ്ഥലം Source: News Malayalam 24x7
KERALA

വയനാട് പുനരധിവാസം: മുസ്ലീം ലീഗിന്റെ ഭവന പദ്ധതി പ്രതിസന്ധിയിൽ; ദുരിത ബാധിതർക്കായി വാങ്ങിയ ഭൂമി തോട്ടം ഭൂമിയെന്ന് പരാതി

ഏപ്രിൽ 29ന് തറക്കല്ലിട്ട പദ്ധതി എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് നേതാക്കൾ അറിയിച്ചിരുന്നത്

Author : ന്യൂസ് ഡെസ്ക്

വയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതർക്കായി മുസ്ലീം ലീഗ് നടപ്പാക്കുന്ന ഭവന പദ്ധതി പ്രതിസന്ധിയിൽ. മേപ്പാടി മുട്ടിൽ റോഡിൽ വെള്ളിത്തോട് പ്രദേശത്ത് ദുരിത ബാധിതർക്കായി വാങ്ങിയ ഭൂമി തോട്ടം ഭൂമിയാണെന്ന് പരാതി ഉയർന്നതാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്. ഇതിനിടെ വിപണി വിലയേക്കാൾ ഇരട്ടി വിലയ്ക്ക് ഭൂമി വാങ്ങിയെന്ന ആരോപണവും ലീഗിനുളളിൽ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. എന്നാൽ ജന്മപട്ടയം കിട്ടിയ ഭൂമിയാണെന്നും നിയമ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഉയർന്ന വില കൊടുത്ത് ഭൂമി വാങ്ങിയതെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം.

ദുരന്ത ബാധിതർക്കായി മേപ്പാടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ മുട്ടിൽ റോഡിനോട് ചേർന്ന് വെള്ളിത്തോടാണ് 105 വീടുകൾ നിർമിക്കുന്ന ഭവന പദ്ധതി മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്നത്. 40 കോടിയിലധികം രൂപ ഇതിനായി സമാഹരിക്കുകയും ചെയ്തു. എന്നാൽ, പദ്ധതിക്കായി വാങ്ങിയ പതിനൊന്നര ഏക്കർ ഭൂമിയിൽ പത്തര ഏക്കർ സ്ഥലവും തോട്ടം ഭൂമിയാണെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. പദ്ധതി പ്രദേശം തോട്ടം ഭൂമിയാണെന്ന തൃക്കൈപ്പറ്റ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്മേല്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഭൂവുടമകളില്‍നിന്ന് വിശദീകരണം തേടി.

ലീഗിന് ഭൂമി കൈമാറിയ അഞ്ച് പേരോട് ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ലാൻഡ് ബോർഡ് നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിങ് നടത്തി രേഖകളുടെ അധികാരികത ലാൻഡ് ബോർഡ്‌ പരിശോധിക്കും. ഇതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്.

ഏപ്രിൽ 29ന് തറക്കല്ലിട്ട പദ്ധതി എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് നേതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ നിർമാണ പ്രവൃത്തികൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. മഴക്കാലമായത് കൊണ്ടാണ് നിർമാണം തുടങ്ങാത്തതെന്നും പദ്ധതി വൈകില്ലെന്നുമാണ് നേതാക്കൾ പറഞ്ഞിരുന്നത്. തോട്ടം ഭൂമി വാങ്ങിയെന്ന പരാതി ഉയർന്നതോടെ, വീട് നിർമാണം എന്ന് തുടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ഭവന പദ്ധതിയ്ക്കായി വാങ്ങിയ സ്ഥലം ജന്മപട്ടയം ഉള്ള ഭൂമിയാണെന്നും രേഖകൾ എല്ലാം ഹാജരാക്കുമെന്നും ലീഗ് നേതാക്കൾ പറഞ്ഞു.

SCROLL FOR NEXT