KERALA

ഞങ്ങളെല്ലാവരും തിരുത്തേണ്ടതുണ്ട്... തിരുത്തും, പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: വിമര്‍ശനങ്ങളില്‍ അത്ഭുതമില്ല: എം.വി. ഗോവിന്ദന്‍

സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത്, അംഗീകരിച്ച രേഖയാണ് വിപുലീകൃത കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. ആരോഗ്യകരമായ ചര്‍ച്ചയാണ് നടന്നതെന്ന് എം.വി. ഗോവിന്ദന്‍

Author : ന്യൂസ് ഡെസ്ക്

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍ താന്‍ എങ്ങനെ പാര്‍ട്ടി നേതാവാകുമെന്ന് ഗോവിന്ദന്‍ ചോദിച്ചു. ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്. തിരുത്തും. തിരുത്തലുകളിലീടെ പാര്‍ട്ടി കൂടുതള്‍ ശക്തിപ്പെടുമെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്വയംവിമർശനപരമായ നിലപാടുകൾ സ്വീകരിക്കാനാണ് വിപുലീകൃത സംസ്ഥാന സമിതി വിളിച്ചുചേർത്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ചു എന്ന വാര്‍ത്തകള്‍ വന്നു. സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത്, അംഗീകരിച്ച രേഖയാണ് വിപുലീകൃത കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. ആരോഗ്യകരമായ ചര്‍ച്ചയാണ് ഇന്നലെയും ഇന്നുമായി നടന്നത്. ഇതുവരെ 19 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ പ്രതിനിധികളുടെ ചര്‍ച്ചയാണ് നടക്കുന്നത്. ഉച്ചയ്ക്കുശേഷം യുവജന സംഘടനകളുമായും, മാധ്യമമേഖലയുമായി ബന്ധപ്പെട്ടുമുള്ള ചര്‍ച്ചകള്‍ നടക്കും. രാത്രി എട്ടോടെ ചര്‍ച്ച അവസാനിക്കും. പിന്നാലെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും. നാളെ രാവിലെ ഇതുമായി ബന്ധപ്പെട്ട അവസാനരൂപമാകും.

കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളുമുണ്ട്. റിവ്യൂ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ ദൗര്‍ബല്യങ്ങള്‍ തിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയമാക്കുകയാണ് ലക്ഷ്യം. റിവ്യൂ റിപ്പോര്‍ട്ടില്‍ നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും ഉണ്ട്. കണ്ടെത്തിയ കാര്യങ്ങളെല്ലാം തിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയപ്പെടുത്തി, പാര്‍ട്ടിയെ എങ്ങനെ ശക്തമായി മുന്നോട്ടു നയിക്കാം എന്നതാണ് ലക്ഷ്യം. പുതിയ സാഹചര്യത്തില്‍ എങ്ങനെ ഇടപെടണമെന്ന കാര്യവും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. മാധ്യമരംഗത്തെ വലതുപക്ഷ ശക്തികളും വര്‍ഗീയ ശക്തികളും നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളെ മറികടന്നുകൊണ്ട് മതനിരപേക്ഷ ഉള്ളടക്കത്തോടെ ജനാധിപത്യ കേരളത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്.

കേന്ദ്ര നയങ്ങൾ അതുപോലെ നടപ്പാക്കുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതിരോധം വേണമെന്ന് ചര്‍ച്ചകളില്‍ അഭിപ്രായം ഉയർന്നു. കേന്ദ്ര ഏജൻസികളുടെ ഇടപെടൽ പ്രതിരോധിക്കണമെന്നും അഭിപ്രായമുയര്‍ന്നു. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ ദേശീയതലത്തിൽ വിശാല സഖ്യം രൂപീകരിക്കണമെന്നാണ് പൊതു അഭിപ്രായം. വർഗീയ ശക്തികൾ സൂക്ഷ്മ തലത്തിലാണ് ഇടപെടുന്നത്. അതിനെതിരായ പ്രതിരോധം തീർക്കണം. ജനങ്ങളുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും വർഗീയവൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാ ജനവിഭാഗങ്ങളുടേതുമാക്കാൻ പാര്‍ട്ടി ഇടപെടണമെന്ന ചര്‍ച്ചയും ഉയര്‍ന്നു. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും വിശ്വാസികൾക്ക് കടന്നുവരാനുള്ള ഇടമാകണം. വർഗീയവാദികളെ അകറ്റാന്‍ ഇടപെടണം. അതിനെതിരെ ആശയപരവും സാംസ്കാരികവുമായ പ്രതിരോധം തീർക്കണം.

സംഘടനാപരമായ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിരവധി നിർദേശങ്ങളും ചർച്ചയുടെ ഭാ​ഗമായി ഉന്നയിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പാര്‍ട്ടി ശക്തിപ്പെടുത്തണം. മാധ്യമ രംഗത്ത്, പ്രത്യേകിച്ച് നവ മാധ്യമ രംഗത്ത് ഇടപെടൽ ശക്തമാക്കണം. പ്രത്യേക ആപ്പുകൾ ഉപയോഗിക്കണം. അതിനായി സാങ്കേതിക വൈദഗ്ധ്യം ഉള്ളവരെ ഉൾപ്പെടുത്തണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. ബ്രാഞ്ച് തലത്തിലുള്ള സംഘടനാ പ്രവർത്തനം ശക്തമാക്കാൻ നിർദേശങ്ങൾ ഉയർന്നു. ബ്രാഞ്ചുകളുടെ ചുമതല ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് നൽകണം എന്ന അഭിപ്രായവും ചര്‍ച്ചയില്‍ ഉയര്‍ന്നതായി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

SCROLL FOR NEXT