KERALA

സര്‍ക്കാര്‍ വഞ്ചിച്ചു; ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കിയില്ല, ഓണക്കിറ്റ് പോലും ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികള്‍

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നൽകേണ്ട ക്ഷേമനിധി ധനസഹായം ഓണമായിട്ടും വിതരണം ചെയ്തില്ല

Author : ന്യൂസ് ഡെസ്ക്

ഓണത്തിന് മുൻപ് ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകാതെ സർക്കാർ വഞ്ചിച്ചെന്ന് മത്സ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധനത്തിന് മുൻപായി സംസ്ഥാന-കേന്ദ്രസർക്കാരുകള്‍ നൽകേണ്ട പണമാണ് ഇതുവരെയും ലഭിക്കാത്തത്. മത്സ്യത്തൊഴിലാളികൾ ക്ഷേമനിധിയിൽ അടച്ച 1500 രൂപ മാത്രമാണ് നൽകിയതെന്നാണ് പരാതി. ഓണത്തിന് തൊഴിലാളികൾക്ക് നൽകിവരുന്ന കിറ്റ് പോലും ഇത്തവണ നൽകിയില്ലെന്നും ആക്ഷേപമുണ്ട്.

ട്രോളിങ് നിരോധനത്തെ തുടർന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നൽകേണ്ട ക്ഷേമനിധി ധനസഹായം ഓണമായിട്ടും വിതരണം ചെയ്തില്ല. ഓണത്തിന് മുൻപ് എല്ലാ ആനുകൂല്യങ്ങളും നൽകുമെന്ന് പ്രഖ്യാപിച്ച് സർക്കാർ വഞ്ചിക്കുകയായിരുന്നുവെന്ന് മത്സ്യതൊഴിലാളികൾ കുറ്റപ്പെടുത്തി.

നിലവിൽ തൊഴിലാളികൾ സ്വന്തം കയ്യിൽ നിന്നും അടച്ച 1500 രൂപ മാത്രമാണ് തിരികെ കിട്ടിയത്. കേന്ദ്രവും സംസ്ഥാനവും വിഹിതമായി നൽകേണ്ട 1500 രൂപ വീതം 3000 രൂപ ഇതുവരെ ലഭിച്ചിട്ടില്ല. ഈ വറുതിക്കാലത്തും അടിയന്തര സഹായം വൈകിക്കുന്നത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.

ജനങ്ങൾ ഏറെ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ സർക്കാർ, മത്സ്യത്തൊഴിലാളികളെ പൂർണമായി അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ആരോപണം. മുൻ സർക്കാർ ഓണത്തിന് മുന്നോടിയായി മുഴുവൻ ക്ഷേമനിധി ആനുകൂല്യങ്ങളും പ്രത്യേക ഓണക്കിറ്റും വിതരണം ചെയ്തിരുന്നു. എന്നാൽ ഇത്തവണ എല്ലാം മുടങ്ങിയെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.

SCROLL FOR NEXT