വയനാട്: 2013ൽ യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് വയനാട് മക്കിമലയിൽ ആരംഭിച്ച കലിംഗ മോഡൽ റെസിഡൻഷ്യൽ സ്കൂളിന്റെ നിർമ്മാണ പ്രവർത്തികൾ നിലച്ചിട്ട് പത്ത് വർഷം. ഗോത്രവർഗ വിഭാഗത്തിലെ വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി അന്ന് 24 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിർമാണം ആരംഭിച്ചത്.
2013ലാണ് പ്രിയദർശനി എസ്റ്റേറ്റ് പദ്ധതിക്കായി മക്കിമലയിലെ വനാതിർത്തി പ്രദേശത്ത് പത്ത് ഏക്കർ സ്ഥലം വിട്ടു കൊടുത്തത്. അന്നത്തെ പട്ടികജാതി/ പട്ടിക വികസന വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി വിഭാവനം ചെയ്തതായിരുന്നു പദ്ധതി. ഇതിനായി വകുപ്പിൽ നിന്ന് 24 കോടി രൂപ അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗോത്ര വർഗ വിഭാഗത്തിൽ ഉള്ള കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ആയിരുന്നു ലക്ഷ്യം. മൂന്ന് വർഷംകൊണ്ട് പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇതാണ് പദ്ധതിയുടെ അവസ്ഥ.
ഉരുൾപൊട്ടൽ ദുരന്തം അടക്കം ഉണ്ടായ പരിസ്ഥിതി ലോല പ്രദേശമായതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകാതിരുന്നത് എന്നായിരുന്നു പിന്നീട് വന്ന എൽഡിഎഫ് സർക്കാരിന്റെ വിശദീകരണം. ഏതെങ്കിലും തരത്തിൽ കെട്ടിടത്തെയും അനുബന്ധ പ്രദേശത്തെയും ഉപയോഗിക്കുന്ന തരത്തിൽ പദ്ധതികൾ ആവിഷ്കരിച്ചില്ലെങ്കിൽ കോടികളാണ് വെറുതെയാകുക.