KERALA

ഏതൊക്കെ ബസുകളിൽ സൗജന്യം? കെഎസ്ആർടിസി യാത്രയിൽ ആശയക്കുഴപ്പം

കെഎസ്ആർടിസി സൗജന്യ യാത്ര അധിക ബാധ്യതയാകുമെന്ന് വിലയിരുത്തൽ.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോൺഗ്രസിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ സൗജന്യ കെഎസ്ആർടിസി യാത്രയിൽ ആശയക്കുഴപ്പം. ഏതൊക്കെ ബസുകളിലാണ് സൗജന്യമെന്നതിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. അതിനാൽ സ്ത്രീ യാത്രക്കാർ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ്.

സൗജന്യ യാത്ര സർക്കാരിന് അധിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് ഫ്രീ ടിക്കറ്റ് നൽകാൻ വാക്കാൽ നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകുമെന്നാണ് വിവരം.

സൗജന്യ ബസ് യാത്ര കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കമെന്ന് സൂചനയുണ്ട്. ഫാസ്റ്റ് പാസഞ്ചർ മുതലുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിൽ സൗജന്യ യാത്ര നടപ്പിലാക്കുന്നത് അപ്രായോഗികമാണെന്നാണ് കെഎസ്ആർടിസി വിദഗ്ധ സമിതി വിലയിരുത്തൽ.

റിസർവേഷൻ സൗകര്യമുള്ള ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് സർവീസ് രംഗത്ത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നതിനാലാണ് പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി ചുരുക്കാൻ നിർദ്ദേശമുയർന്നത്. ഇതിനായി പ്രതിമാസം ഏകദേശം 90 മുതൽ 100 കോടി രൂപ വരെ അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. നിലവിൽ ശമ്പളത്തിനും പെൻഷനുമായി സർക്കാർ നൽകുന്ന 80 കോടി രൂപയ്ക്ക് പുറമെയാണിത്.

SCROLL FOR NEXT