Source: News Malayalam 24x7
KERALA

മന്ത്രിമാർ ആരൊക്കെ? നേതൃയോഗത്തിൽ തീരുമാനമായില്ല; ചർച്ച തുടരും

ഘടകക്ഷികളെ നാളെ വെവ്വേറെ കാണും...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണത്തിന് നേതൃയോഗത്തിൽ തീരുമാനമായില്ല. വീണ്ടും ഉഭയകക്ഷി ചർച്ച നടത്തും. ഘടകക്ഷികളെ നാളെ വെവ്വേറെ കാണും. ഇന്ന് ഔദ്യോഗിക തീരുമാനമില്ലെന്നും നാളത്തെ ചർച്ചയ്ക്കുശേഷം തീരുമാനമാകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എത്ര മന്ത്രിസ്ഥാനം എന്നത് സംബന്ധിച്ച് നാളെ തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വകുപ്പ് വിഭജനം അടക്കം ചർച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം തിരുവനന്തപുരത്ത് ചേർന്നത്.

അതേസമയം, മുഖ്യമന്ത്രി പദം ലഭിക്കാതെ ഇടഞ്ഞുനിൽക്കുന്ന ചെന്നിത്തല മന്ത്രിസഭയിൽ ചേരാൻ ഉപാധി വച്ചിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് കിട്ടിയാൽ മാത്രം മന്ത്രിസഭാ പ്രവേശനമെന്നും ഒപ്പമുള്ള രണ്ട് പേരെ മന്ത്രിമാർ ആക്കണമെന്നുമാണ് ഉപാധി. ബോർഡ് - കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങളും കിട്ടണം. കെപിസിസി അധ്യക്ഷനായി ജോസഫ് വാഴയ്ക്കനെ നിയമിക്കണം എന്നും ആവശ്യമുന്നയിച്ചു. അഞ്ച് മന്ത്രിമാർ എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് മുസ്ലീം ലീഗ്. രണ്ട് മന്ത്രിസ്ഥാനത്തിൽ അവകാശവാദമുന്നയിച്ച് ജോസഫ് ഗ്രൂപ്പും രംഗത്തുണ്ട്.

തിങ്കളാഴ്ചയാണ് യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും.

SCROLL FOR NEXT