KERALA

ജി. ഭുവനേശ്വരനെ കൊന്നത് 'ഗുണ്ടാപ്പിള്ളേരായിരുന്നോ'?; ആരായിരുന്നു ജി. സുധാകരന്റെ അനുജന്‍ സിപിഐഎമ്മിന്

അന്ന് കെഎസ്‌യു, ഡിഎസ്‌യു കാപാലികരാണ് കൊന്നതെന്ന് പറഞ്ഞ ജി.സുധാകരന്‍ ഇന്ന് പറഞ്ഞത് ചില ഗുണ്ടാപ്പിള്ളേര്‍ എന്ന്

Author : ന്യൂസ് ഡെസ്ക്

സിപിഐഎമ്മിനെതിരെ ജി.സുധാകരന്‍ പറഞ്ഞ വാക്കുകളില്‍ പാര്‍ട്ടിക്ക് ഏറ്റവും മുറിവേല്‍ക്കുന്ന പരാമര്‍ശം ജി.സുധാകരന്റെ സഹോദരനും എസ്എഫ്‌ഐയുടെയും സിപിഐഎമ്മിന്റെയും രക്തസാക്ഷിയുമായ ജി.ഭുവനേശ്വരന്റെ കൊലപാതകം സംബന്ധിച്ചതാകും. ജി. ഭുവനേശ്വരനെ കൊന്നത് ചില ഗുണ്ടാപ്പിള്ളേരാണെന്നും അവരാരും ഇപ്പോള്‍ ഒരു പാര്‍ട്ടിയിലുമില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസിനും കെഎസ്‌യുവിനും എതിരെ കാലങ്ങളായി സിപിഐഎം ഉന്നയിക്കുന്ന ആരോപണത്തിന്റെ മുനയൊടിക്കുകയായിരുന്നു സുധാകരന്‍. കേസ് നടത്താന്‍ ആരും കൂടെ നിന്നില്ലെന്നും വീട്ടിലെ ആഞ്ഞിലിത്തടി വിറ്റാണ് താന്‍ കേസ് നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു.

എന്നാല്‍ നാല് മാസം മുന്‍പ് 2025 ഡിസംബര്‍ ഏഴിന് ജി.ഭുവനേശ്വരന്റെ രക്തസാക്ഷി ദിനത്തില്‍ ജി.സുധാകരന്‍ സഹോദരന്റെ രക്തസാക്ഷിത്വത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അന്ന് ജി.സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്...

"ഇന്ന് ഡിസംബര്‍ 7. ജി. ഭുവനേശ്വരന്റെ രക്തസാക്ഷി ദിനം.

എന്റെ ഏറ്റവും ഇളയ അനുജന്‍ ഞങ്ങളുടെ വീട്ടിലെ അഞ്ചാമന്‍ ശിരസ്സില്‍ രക്തം ഇരച്ചുകയറുകയും ഹൃദയത്തില്‍ വാത്സല്യവും ദുഃഖവും നിറഞ്ഞു കവിയുകയും ചെയ്യുന്നു.

പന്തളം എന്‍ എസ് എസ് കോളേജില്‍ ബിഎ എക്കണോമിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. കെ എസ് യു, ഡി എസ് യു കാപാലികര്‍ കാലില്‍ പിടിച്ച് തല തറയില്‍ അടിച്ചു മൃഗീയമായി കൊന്നത് കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ്.

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. പതിനെട്ടാം വയസ്സിലാണ് രക്തസാക്ഷി ആയത്. പാര്‍ട്ടി അംഗമായിരുന്നു.'

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. പതിനെട്ടാം വയസ്സിലാണ് രക്തസാക്ഷി ആയത്. പാര്‍ട്ടി അംഗമായിരുന്നു. നാടകം, ഉപന്യാസം, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ എന്നീ സാഹിത്യ-കായിക മേഖലകളില്‍ ഭാവിയുടെ വാഗ്ദാനമായി ഭുവശ്വരന്‍ കണക്കാക്കപ്പെട്ടിരുന്നു.

രക്തസാക്ഷി ദിനം പതിവായി 1977 ഡിസംബര്‍ 7 മുതല്‍ കരിമുളയ്ക്കല്‍ ബലികുടീരത്തിനു മുമ്പില്‍ പാര്‍ട്ടിയുടെയും എസ് എഫ് ഐയുടെയും നേതൃത്വത്തില്‍ ആചരിച്ചു വരുന്നു.

ഇതിനു ശേഷം കേരളത്തില്‍ എസ്എഫ്‌ഐ പൂര്‍വാധികം ശക്തിപ്പെട്ടു. നിരവധി വിദ്യാര്‍ത്ഥി രക്തസാക്ഷികളുടെ ഗണത്തില്‍ ഭുവനനും ഒരു ജ്വലിക്കുന്ന രക്തനക്ഷത്രം ആയി.

സമത്വം സ്വാതന്ത്ര്യം സോഷ്യലിസം എന്നീ ലോകാതിശായിയായ ആശയങ്ങള്‍ എഴുതിയ തൂവെള്ളക്കൊടിയുമായി മുന്നേറവെ അവന്‍ ശത്രുക്കളാല്‍ നിഗ്രഹിക്കപ്പെട്ടു.

രക്തസാക്ഷിക്ക് മരണമില്ലെന്നാണ് വിപ്ലവ മതം.

ഭുവനേശ്വരന്‍ എന്റെ അനുജന്‍ പൂത്തമലവാക പോലെന്റെ

മനസ്സില്‍ നിറയുന്ന ഭൂവനേശ്വരന്‍ എന്റെ അനുജന്‍ ' എന്ന് അന്തരിച്ച കവി എം കൃഷ്ണന്‍കുട്ടിയും

'ഭുവനേശ്വരാ ഭുവനേശ്വരാ! ഭുവനം എന്നും ഓര്‍ത്തിടുന്ന നാമം ഭുവനേശ്വരാ ഭുവനേശ്വരാ!'എന്ന് കവി ഏഴാച്ചേരി രാമചന്ദ്രനും

' ഭുവനേശ്വരന്‍ ഒരു കവിത' എന്ന് കവി പ്രഭാവര്‍മ്മയും അന്ന് കവിതകളില്‍ എഴുതി."

അന്ന് കെഎസ്‌യു , ഡിഎസ്‌യു കാപാലികരാണ് കൊന്നതെന്ന് പറഞ്ഞ ജി.സുധാകരന്‍ ഇന്ന് ചില ഗുണ്ടാപ്പിള്ളേര്‍ എന്ന് പറഞ്ഞ് മയപ്പെടുത്തുന്നതാണ് ഒരു പക്ഷേ രക്തസാക്ഷികളെ എന്നും ആവേശമായി കാണുന്ന പാര്‍ട്ടിപ്രവര്‍ത്തകരില്‍ ഏറ്റവും വലിയ എതിര്‍പ്പായി ഉയര്‍ന്നുവരികയെന്നതില്‍ സംശയമില്ല.

SCROLL FOR NEXT