കൊല്ലം കരുനാഗപ്പള്ളിയില്‍ ഭര്‍ത്താവിന് ഒതളങ്ങ നല്‍കി പെണ്‍സുഹൃത്ത് കൊലപ്പെടുത്തിയെന്ന ഭാര്യയുടെ പരാതിയില്‍ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്ന് ആരോപണം. കരുനാഗപ്പള്ളി സ്വദേശി സനീഷാണ് ഒതളങ്ങ ഉള്ളില്‍ ചെന്ന് മരിച്ചത്. പെണ്‍സുഹൃത്താണ് ഒതളങ്ങ നല്‍കിയതെന്നാണ് ഭാര്യയുടെ ആരോപണം.
കരുനാഗപ്പള്ളി മഹാരാഷ്ട്ര സുനാമി കോളനിയിലെ താമസക്കാരാണ് അനിലകുമാരിയും ഭര്‍ത്താവ് സിനീഷും. ഇതിനിടെ സിനീഷ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഈ യുവതി തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് സിനീഷിന്റെ ഭാര്യ അനിലാകുമാരി പറയുന്നത്.
സിനീഷ് ഏപ്രില്‍ 17ന് ഒതളങ്ങ കഴിച്ചു മരിച്ചു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്. എന്നാല്‍ ഒതളങ്ങ എവിടെ നിന്ന് കഴിച്ചു, ആര് ഒപ്പം ഉണ്ടായിരുന്നു എന്നൊന്നും പൊലീസ് അന്വേഷിച്ചില്ല. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. സിനീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭാര്യ ആരോപിക്കുന്നു.
ഒതളങ്ങ കഴിച്ച് അവശനായ സിനീഷിനെ ആദ്യം കൊണ്ടുപോയത് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കായിരുന്നു. അവിടെനിന്ന് പത്മാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ എഫ്‌ഐആറില്‍ ഉള്ളത് വലിയത്ത് ആശുപത്രി എന്നായിരുന്നു.
ഭര്‍ത്താവിന് ഒപ്പമുണ്ടായിരുന്ന യുവതിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് ഭാര്യ അനില്‍കുമാരിയുടെ ആവശ്യം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുകയാണ്. കരുനാഗപ്പള്ളി പൊലീസ് തന്റെ മൊഴി രേഖപ്പെടുത്താനോ അന്വേഷണം നല്ല രീതിയില്‍ നടത്താനോ തയ്യാറാകുന്നില്ലെന്നും അനിലകുമാരി ആരോപിച്ചു.