മലപ്പുറം: നിലമ്പൂരിൽ വീണ്ടും കാട്ടാന ആക്രമണം. നിലമ്പൂർ പെരുവമ്പാടത്താണ് കാട്ടാന ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീടിന്റെ ജനൽ കാട്ടാന തകർക്കുകയും വീട്ടുമുറ്റത്ത് നിറുത്തിയിട്ട ബൈക്ക് തള്ളിയിടുകയും ചെയ്തു. വെട്ടിക്കുഴി ഔസേപ്പച്ചന്റെ വീടിന്റെ ജനലാണ് തകർത്തത്. വ്യാപകമായി കൃഷിയും നശിപ്പിച്ചു.
അതേസമയം, കഴിഞ്ഞദിവസം വയനാട്ടിലുണ്ടായ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പാല്‍ വെളിച്ചം സ്വദേശി ജിജീഷിനാണ് പരിക്കേറ്റത്. കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപത്ത് വച്ച് രാത്രിയോടെയാണ് ആന ആക്രമിച്ചത്. കൈയ്ക്കും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടി കെഎസ്ഇബി ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയറാണ് ജിജീഷ്.