കോഴിക്കോട്: തൊട്ടിൽപ്പാലത്ത് ഭീതി പടർത്തിയ കാട്ടാനക്കുട്ടിയെ മയക്കുവെടി വെച്ചു പിടികൂടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. ജനവാസമേഖലയിൽ തമ്പടിച്ചിരിക്കുന്ന ആനയെ പിടികൂടാൻ ഫോറസ്റ്റോ, ആർആർടി സംഘമോ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ആനയെ മയക്കുവെടിവെച്ച് കൊണ്ടുപോകാതെ ചൂരണിയിൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തിരിച്ചു പോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.
തൊട്ടിൽപ്പാലം ചൂരണി നിവാസികളുടെ നിത്യജീവിതത്തെ പ്രതിസന്ധിയിലാക്കുകയാണ് ജനവാസ മേഖലയിൽ ഇറങ്ങിയ കുട്ടിയാന. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടുകാർ കാട്ടാനക്കുട്ടിയുടെ ആക്രമണം ഭയന്നാണ് കഴിയുന്നത്. ആന ഇത്രയേറെ ആക്രമാസക്തമായിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു.
കഴിഞ്ഞയാഴ്ച തൊട്ടിൽപ്പാലം കരിങ്ങാട് വീട്ടുമുറ്റത്ത് വെച്ച് ആനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റിരുന്നു. എന്നാൽ അന്ന് ആനയെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. ഇന്നലെ പുലർച്ചെ നാട്ടുകാർ ആനയെ വീണ്ടും കാണുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. അധികൃതർ എത്തിയെങ്കിലും വേണ്ട നടപടികളൊന്നും സ്വീകരിക്കാത്തതിലാണ് പ്രതിഷേധം ഉയർന്നത്.
ആന വീണ്ടും ഈ മേഖലയിൽ നിന്ന് മാറിയാൽ മയക്കുവെടി വെയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വൈകുമെന്നാണ് ജനങ്ങളുടെ ആശങ്ക. കൂടുതൽ ആർആർടി സംഘം സ്ഥലത്തെത്തുന്നതോടെ ആനയെ തുരത്താമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ആനയെ കാണാനായി അടുത്തുള്ള ടൗണുകളിൽ നിന്ന് ഇവിടേക്ക് ആളുകൾ എത്തുന്നുണ്ട്. കാഴ്ചക്കാരായി ഈ മേഖലയിലേക്ക് ആരും വരരുതെന്നും തൊട്ടിൽപ്പാലം പൊലീസ് അറിയിച്ചു.