KERALA

"ലഭിച്ചത് മാധ്യമങ്ങൾക്ക് കൊടുത്ത കത്തിൻ്റെ കോപ്പി, ഗവർണർക്ക് മറുപടി നൽകില്ല"; നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ നിലപാട് വ്യക്തമാക്കി സ്പീക്കർ

നേരിട്ട് കത്ത് ലഭിച്ചാൽ മറുപടി കൊടുക്കുമെന്നും സ്പീക്കർ വ്യക്തമാക്കി

Author : ലിൻ്റു ഗീത

തിരുവനന്തപുരം: നയപ്രഖ്യാപന വിവാദത്തിൽ സർക്കാർ-ഗവർണർ പോര് മുറുകുന്നു. നയപ്രഖ്യാപന ദിവസത്തെ സഭാ നടപടിക്രമങ്ങൾ പൂർണമായും വീഡിയോ സഹിതം കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്തിന് മറുപടി നൽകില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറ‍ഞ്ഞു. ഗവർണറുടെ കത്ത് ആദ്യം ലഭിച്ചത് മാധ്യമങ്ങൾക്കാണ്. മാധ്യമങ്ങൾക്ക് കൊടുത്ത കത്തിൻ്റെ കോപ്പിയാണ് സ്പീക്കറുടെ ഓഫീസിന് ലഭിച്ചത്. അതിനൊന്നും മറുപടി ഇല്ല. വളരെ രഹസ്യ സ്വഭാവം ഉള്ളതെന്നാണ് കത്തിൽ എഴുതിയിരുന്നത്. നേരിട്ട് കത്ത് ലഭിച്ചാൽ മറുപടി കൊടുക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

സർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനത്തിലായിരുന്നു അസാധാരണ സംഭവവികാസങ്ങളുണ്ടായത്. സഭാ സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിൻ്റെ മുഴുവൻ ഭാഗങ്ങളും ഗവർണർ രാജേന്ദ്ര അർലേക്കർ വായിച്ചില്ല. നയപ്രഖ്യാപനത്തിൽ മാറ്റം വരുത്തിയായിരുന്നു ഗവർണർ വായിച്ചത്. എന്നാൽ, ഗവർണറുടെ നയപ്രഖ്യാപനത്തിന് പിന്നാലെ അസാധാരണ നീക്കമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. ഗവർണർ വായിക്കാത്ത ഭാഗങ്ങൾ വായിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം അംഗീകരിക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു.

മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽ മാറ്റം വരുത്താൻ ഗവർണർക്ക് അധികാരമില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാരുള്ളത്. ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ സഭാരേഖകളിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. പ്രസംഗിക്കാത്ത ഭാഗം നീക്കം ചെയ്യാൻ ഗവർണർ ആവശ്യപ്പെട്ടാൽ സർക്കാർ അത് പാലിക്കാൻ ബാധ്യസ്ഥമാണെന്ന് രാജ്ഭവന് നിയമോപദേശം ലഭിച്ചിട്ടുണ്ടെങ്കിലും, ഈ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. അതേസമയം വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ലോക്ഭവൻ വിശദീകരിച്ചു.

SCROLL FOR NEXT