കൊച്ചി ഹണി ട്രാപ്പ് കേസിൽ വഴിത്തിരിവ്. തൊഴിലിടത്തെ ലൈംഗിക അതിക്രമം പരാതിപ്പെട്ടതിനാണ് ഹണി ട്രാപ്പ് കേസിൽ കുടുക്കിയതെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതി. ലിറ്റ്മസ് 7 കമ്പനി സിഇഒ വേണു ഗോപാലകൃഷ്ണനെതിരെയാണ് യുവതി പരാതി നൽകിയത്. ഒന്നരവർഷമായി ലൈംഗിക അതിക്രമം നേരിട്ടതായി പറഞ്ഞ യുവതി, പലതവണ രാജിക്കത്ത് നൽകിയിട്ടും സ്വീകരിച്ചില്ലെന്നും ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിപ്പെട്ടു.
മറ്റൊരിടത്തും ജോലി കിട്ടില്ലെന്ന് ഭയന്നാണ് കമ്പനിയിൽ പിടിച്ചു നിന്നതെന്ന് യുവതി പറയുന്നു. കമ്പനിയിലെ പരാതി പരിഹാര സെല്ലിൽ സിഇഒക്കെതിരെ ഡിസംബറിൽ തന്നെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. അനുഭവിച്ച കാര്യങ്ങൾ പറഞ്ഞ് പരസ്യമായി കമ്പനിയിൽ എല്ലാവർക്കും മെയിൽ അയച്ചതോടെ ജോലിയിൽ നിന്ന് പുറത്താക്കി. പൊലീസിൽ കേസ് നൽകുമെന്ന് ഭയന്നാണ് വേണുഗോപാലകൃഷ്ണൻ തനിക്കെതിരെ ഹണി ട്രാപ്പ് പരാതി നൽകിയതെന്നും യുവതി ആരോപിച്ചു.
യുവതിയുടെ പരാതിയിൽ വേണു ഗോപാലകൃഷ്ണനെതിരെയും സ്ഥാപനത്തിലെ മൂന്ന് പേര്‍ക്കെതിരെയും ഭീഷണിപ്പെടുത്തിയതിനുൾപ്പെടെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹണി ട്രാപ്പ് കേസിൽ യുവതിക്കും ഭർത്താവിനും എറണാകുളം സെഷന്‍സ് കോടതി വ്യവസ്ഥതകളോടെ ജാമ്യം അനുവദിച്ചിരുന്നു. തെറ്റുകാരി അല്ല എന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാൽ ആണ് ജാമ്യം നൽകിയതെന്ന് യുവതി പറയുന്നു. വേണു ഗോപാലകൃഷ്ണൻ അയച്ച വീഡിയോകളും മെസ്സേജുകളും തെളിവായുണ്ട്. ജീവന് ഭീഷണി ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഹണി ട്രാപ്പിലൂടെ മുപ്പത് കോടി രൂപ തട്ടാന്‍ ശ്രമിച്ചെന്ന പരാതി ഉയർന്നതിന് പിന്നാലെ തന്നെ എതിർവാദവുമായി യുവതിയും ഭർത്താവും രംഗത്തെത്തിയിരുന്നു. വ്യവസായിയുടെ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചിട്ടും ഭാര്യയെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള പ്രതികാരമാണ് തങ്ങളെ കേസിൽ കുടുക്കാനുള്ള കാരണമെന്നുമാണ് ദമ്പതികൾ അന്വേഷണസംഘത്തിന് നൽകിയ മൊഴി. വ്യവസായിക്കായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടെന്നും ദമ്പതികൾ നേരത്തെ മൊഴി നൽകിയിരുന്നു.