കോഴിക്കോട്: കെഎസ്ആർടിസി ബസിൻ്റെ ചില്ല് അടിച്ചുതകർത്തതിൽ വിശദീകരണവുമായി യുവതി. ശുചിമുറിയിൽ പോകാൻ വേണ്ടിയാണ് ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്ന് യുവതി. ഫോണിലെ വീഡിയോ ഉൾപ്പെടെ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തിട്ടും ദൃശ്യങ്ങൾ പ്രചരിക്കുന്നത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ഇതിൽ നിന്ന് പിൻവാങ്ങണമെന്നും യുവതി ആവശ്യപ്പെട്ടു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു യുവതിയുടെ വിശദീകരണം.
"ബാത്ത്റൂമിൽ പോകാനാണ് ബസ് നിർത്താൻ ആവശ്യപ്പെട്ടത്, ആ സമയം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. എമർജൻസി എക്സിറ്റ് ഉപയോഗിക്കാനാണ് ശ്രമിച്ചത്. സംഭവിച്ചതിനെല്ലാം അന്ന് തന്നെ ക്ഷമാപണം നടത്തിയതാണ്," യുവതി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
സ്റ്റോപ്പിൽ ബസ് നിർത്താത്തതതിൽ പ്രകോപിതയായാണ് യുവതി കെഎസ്ആർടിസിയുടെ ചില്ല് അടിച്ചു തകർത്തത്. ബസിൽ കയറിയ യുവതി ലുലു മിംസ് ഭാഗത്തെ സ്റ്റോപ്പിൽ വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവതി പറഞ്ഞ സ്ഥലത്ത് സ്റ്റോപ്പ് ഇല്ലാത്തതിനാൽ ഡ്രൈവറും കണ്ടക്ടറും ബസ് നിർത്തി കൊടുക്കാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതയായ യുവതി ബസിലെ ചുറ്റിക ഉപയോഗിച്ച് ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. അതേസമയം, ബസിൻ്റെ ചില്ല് അടിച്ച് തകർത്ത യുവതി ഇരുപത്തയ്യായിരം രൂപ ഫൈൻ അടച്ചു.