തൃശൂരിൽ ലോഡ്ജിൽ പ്രസവത്തിനിടെ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി 
KERALA

തൃശൂരിൽ ലോഡ്ജിൽ പ്രസവത്തിനിടെ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

മരിച്ചത് തൃപ്രയാർ എടമുട്ടം സ്വദേശിനി ജ്യോതിയാണ്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: നഗരത്തിലെ വെളിയന്നൂരിലുള്ള സ്വകാര്യ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ എടമുട്ടം സ്വദേശിനി ജ്യോതിയാണ് മരിച്ചത്.

27-നാണ് ജ്യോതി സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത്. മുറിയെടുക്കാൻ എത്തിയപ്പോൾ പാവറട്ടി സ്വദേശിയായ ഒരു ഓട്ടോറിക്ഷ ഡ്രൈവറും യുവതിക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെ മുതൽ മുറിയുടെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ ഈസ്റ്റ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വാതിൽ തുറന്നപ്പോഴാണ് യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവത്തിനിടെ യുവതി മരിച്ചെന്നാണ് പോലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ.

സംഭവവുമായി ബന്ധപ്പെട്ട് പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറെ തൃശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. യുവതിയെ പരിചയമുണ്ടായിരുന്നുവെന്നും ലോഡ്ജിൽ മുറിയെടുക്കാൻ സഹായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഓട്ടോ ഡ്രൈവർ മൊഴി നൽകി.

കഴിഞ്ഞ ദിവസം യുവതി വയറുവേദനയുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് മരുന്ന് വാങ്ങി നൽകിയെന്നും തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും ഇയാൾ മൊഴി നൽകിയതായാണ് വിവരം. വിവാഹമോചിതയാണ് മരിച്ച യുവതി.

ജ്യോതി മുൻപും ഇടയ്‌ക്കിടെ ഇതേ ലോഡ്ജിൽ മുറിയെടുത്തിരുന്നതായി ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.

SCROLL FOR NEXT