തിരുവനന്തപുരം: വയറു വേദനയുമായി എത്തിയ സ്ത്രീ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍. കരകുളം ലോക മെഡിസിറ്റിക്കെതിരെയാണ് ബന്ധുക്കള്‍ രംഗത്തെത്തിയത്. വയറുവേദനയ്ക്ക് എത്തിയ രോഗിക്ക് ഓവര്‍ ഡോസ് മരുന്ന് നല്‍കിയതാണ് മരണ കാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.
അരുവിക്കര വെമ്പന്നൂര്‍ സ്വദേശിനി ദീപ (38) ആണ് മരിച്ചത്. ദീപയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിക്കെതിരെ ബന്ധുക്കള്‍ അരുവിക്കര പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ബുധനാഴ്ചയാണ് ദീപയെ കരകുളം ലോക മെഡിസിറ്റിയില്‍ വയറുവേദനയെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. എന്നാല്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം.
ഓവറിയിലെ സിസ്റ്റ് പൊട്ടിയാണ് ദീപയ്ക്ക് വയറുവേദനയുണ്ടായത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ സിസ്റ്റ് പൊട്ടിയിരുന്നു. ഉടനെ അടിയന്തര സര്‍ജറിക്ക് വിധേയയാക്കി. കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും ആശുപത്രി വിശദീകരിച്ചു.