Source: Files
KERALA

ശബരിമല യുവതി പ്രവേശനം: "ദേവസ്വം ബോർഡിൻ്റേത് ഒറ്റയ്‌ക്കെടുത്ത തീരുമാനം, സർക്കാർ ഒരു നിർദേശവും നൽകിയിട്ടില്ല": മന്ത്രി വി.എൻ. വാസവൻ

സർക്കാർ തീരുമാനം ക്യാബിനറ്റ് ചേർന്ന് തീരുമാനിക്കുമെന്നും മന്ത്രി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുന്നതിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ദേവസ്വം ബോർഡിന്റേത് ബോർഡ് ഒറ്റയ്ക്ക് എടുത്ത തീരുമാനമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സർക്കാർ ഒരു നിർദേശവും നൽകിയിട്ടില്ല. ദേവസ്വം ബോർഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. സർക്കാർ തീരുമാനം ക്യാബിനറ്റ് ചേർന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിലപാടിൽ നിന്ന് പിന്നോട്ട് പോയോ എന്ന ചോദ്യത്തിന് സർക്കാർ നിലപാട് ഇതുവരെ പറഞ്ഞില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

യുവതി പ്രവേശനത്തിനെതിരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകുമെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡൻ്റ് അറിയിച്ചത്. കോടതിയിൽ യുവതി പ്രവേശന അനുകൂല നിലപാട് ബോർഡ്‌ സ്വീകരിച്ചിട്ടില്ലെന്ന് പ്രസിഡൻ്റ് കെ. ജയകുമാർ പറഞ്ഞു. കോടതി വിധിയിൽ പുനഃപരിശോധന വേണമെന്ന് തങ്ങൾക്ക് ആവശ്യമില്ല. ആചാര അനുഷ്‌ടനങ്ങൾ സംരക്ഷിക്കുക എന്നതാണ് നിലപാട്. യുവതി പ്രവേശനത്തിനെതിരെ ദേവസ്വം ബോർഡ്‌ പ്രമേയവും പാസാക്കി. മാർച്ച്‌ 14ന് മുമ്പ് സുപ്രിംകോടതിയിൽ നിലപാടറിയിച്ച് സത്യവാങ്മൂലം സമർപ്പിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.

ശബരിമല ഭരണത്തിൽ സമഗ്ര പരിഷ്കാരം ബോർഡ് കൊണ്ടുവരും. പ്രത്യേക ബജറ്റ് അവതരിപ്പിക്കും. സ്പോൺസർഷിപ്പിന് ഗൈഡ് ലൈൻ ആവശ്യമാണ്. ഇടനിലക്കാരില്ലാതെ നേരിട്ട് സ്പോൺസർഷിപ്പ് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷുവിന് പമ്പയിൽ ഫെസ്റ്റിവൽ ഓഫീസ് തുറക്കും. ശുചീകരണത്തിനായി ഡീറ്റെയിൽഡ് പ്രോട്ടോകോൾ തയ്യാറാക്കും. കൃത്യമായ അനൗൺസ്‌മെന്റ് സംവിധാനം ഏർപ്പെടുത്തും. മറ്റ് സംസ്ഥാനങ്ങളിലെ ഭക്തരുമായി ബന്ധം സ്ഥാപിക്കാൻ മാസിക തുടങ്ങാൻ ആലോചനയുണ്ടെന്നും വിവിധ ഭാഷകളിൽ ആരംഭിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കൂട്ടിച്ചേർത്തു.

SCROLL FOR NEXT