ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റെ പിൻഭാഗത്ത് കൂടി കംപ്രസർ ഉപയോഗിച്ച് കാറ്റടിച്ച സംഭവത്തില്‍ പ്രതികളുടെ മൊഴി പുറത്ത്. യുവാവ് ആവശ്യപ്പെട്ടിട്ടാണ് കാറ്റ് അടിച്ചതെന്നാണ് പ്രതികളുടെ മൊഴി. പരിക്കേറ്റ ഒഡീഷ കണ്ടമാൽ സ്വദേശി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് യുവാവിന്റെ പിന്‍ഭാഗത്ത് കൂടി കംപ്രസർ ഉപയോഗിച്ച് കാറ്റടിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഒഡീഷ സ്വദേശികളായ പ്രശാന്ത് ബഹറ (40), ബയാഗ് സിങ് (19) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രതികളുടെ മൊഴി പ്രകാരം, പ്ലൈവുഡ് കമ്പനിയിലെ ജോലിക്ക് ശേഷം കംപ്രസർ ഉപയോഗിച്ച് കാറ്റ് അടിപ്പിച്ച് ശീരത്തിലെ പൊടികളയുന്നതിനിടയിൽ പിൻഭാഗത്ത് കാറ്റടിക്കാൻ യുവാവ് ആവശ്യപെടുകയായിരുന്നു. പ്രതികളും ചികിത്സയിലുള്ള യുവാവും കുറുപ്പംപടി കോട്ടച്ചിറയിലുള്ള സ്വകാര്യ വ്യക്തിയുടെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരാണ്.
സംഭവത്തില്‍ യുവാവിന്റെ കുടലിന് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.