ഇന്ന് ലോക ആംഗ്യഭാഷാ ദിനമാണ്. സംസാര, കേള്‍വി പരിമിതിയുള്ളവരുടെ മാതൃഭാഷയെന്ന് ആംഗ്യഭാഷയെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ പരിമിതിയുള്ളവർ മാത്രം പഠിക്കേണ്ടതല്ല ആംഗ്യഭാഷ. നമുക്കൊപ്പമുള്ളവരെ ചേർത്ത് നിർത്താനും, അവരുമായി ആശയവിനിമയം നടത്താനും മറ്റു ഭാഷകളെപ്പോലെ തന്നെ ആംഗ്യ ഭാഷയും പഠിക്കണം. സ്കൂള്‍ സിലബസുകളിൽ ഈ ആവശ്യം ഉയരുന്നുണ്ട്. ആംഗ്യഭാഷാ ദിനത്തിൽ അവർക്ക് പറയാനുള്ളത് എന്താണെന്ന് അവരുടെ ഭാഷയിൽ കേൾക്കാം.
ഇനിയുള്ള വാക്കുകള്‍ അവര്‍, ആംഗ്യഭാഷയില്‍ നമ്മോടു പറഞ്ഞതാണ്. അവരുടെ വാക്കുകള്‍ക്ക് മറുപടി കൊടുക്കേണ്ടത് നമ്മളാണ്....
നിങ്ങൾ മലയാളം മാത്രം അറിയുന്ന ആളാണെങ്കിൽ പിന്നീട് ഇംഗ്ലീഷ് പഠിക്കുന്നത് എന്തിനാണ്? ഹിന്ദിയും തമിഴും, ജർമനും പഠിക്കുന്നത് എന്തിനാണ്? ഈ ഭാഷകൾ അറിയുന്നവരോട് ആശയ വിനിമയം നടത്താനല്ലേ?
നിങ്ങളോട് ഒരു പാട് കാര്യങ്ങൾ പറയണമെന്നുമുണ്ട്. നിങ്ങളുടെ കളി ചിരികളിലും, തമാശകളിലും, സംവാദങ്ങളിലും പങ്കുചേരണമെന്ന് ആഗ്രഹമുണ്ട്. സന്തോഷവും വേദനയും പങ്കുവയ്ക്കാന്‍ നിങ്ങൾക്കും ഒപ്പം ചേരാമോ?
ഞങ്ങൾക്കറിയുന്ന ആംഗ്യഭാഷ നിങ്ങളും പഠിച്ചാൽ, നമ്മൾ തമ്മിലുള്ള ആശയ വിനിമയം സുഖമായി നടക്കും. പുതുതലമുറയെങ്കിലും അതിന് തയ്യാറാകണം എന്നാണ് ആഗ്രഹം. ഇതിനായി സ്കൂള്‍ സിലബസിൽ ആംഗ്യ ഭാഷയും ഉൾപ്പെടുത്തണം. കുട്ടികൾ ഇതര ഭാഷകളെപ്പോലെ ആംഗ്യ ഭാഷയും പഠിക്കട്ടെ. എല്ലാവരെയും ചേർത്തു നിർത്തുന്ന ഈ കാലത്ത് നമുക്കും ചേർന്നു നിൽക്കാം.
ഇതൊരു ന്യായമായ ആവശ്യമായി തോന്നുന്നില്ലേ...? നമ്മുടെ ചുറ്റുമുള്ളവരെ കൂടി നാം പരിഗണിക്കേണ്ടതില്ലേ...? സ്കൂള്‍ സിലബസിൽ ആംഗ്യഭാഷയും ഉൾപ്പെടുത്തണമെന്ന ആവശ്യം, ഈ വർഷത്ത ആംഗ്യഭാഷാ ദിനത്തിൽ സർക്കാരിന്റെ പരിഗണനയ്ക്കായി വയ്ക്കുന്നു.