KERALA

കായികമേളയിലെ ഭക്ഷണത്തിലെ പുഴു വിവാദം; അധ്യാപകന്‍ അറസ്റ്റില്‍

കായികമേളയ്ക്കിടെ കലാപം ഉണ്ടാക്കാന്‍ ശ്രമം എന്നാണ് എഫ്‌ഐആര്‍. സാമ്പാറില്‍ നിന്ന് ലഭിച്ചതെന്ന വ്യാജേന പുഴുവിനെ പ്രദര്‍ശിപ്പിച്ചു എന്നും എഫ്‌ഐആര്‍

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തിലെ പുഴു വിവാദത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. പുഴു ഉണ്ടെന്ന് ആരോപിച്ച കായിക അധ്യാപകന്‍ ജിജോ ജെയിംസ് ആണ് അറസ്റ്റിലായത്. പെരുമ്പാവൂര്‍ വെങ്ങോല ശലേം സ്‌കൂളിലെ കായിക അധ്യാപകനാണ് ജിജോ.

അധ്യാപകനെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കായികമേളയ്ക്കിടെ കലാപം ഉണ്ടാക്കാന്‍ ശ്രമം എന്നാണ് എഫ്‌ഐആര്‍. സാമ്പാറില്‍ നിന്ന് ലഭിച്ചതെന്ന വ്യാജേന പുഴുവിനെ പ്രദര്‍ശിപ്പിച്ചു എന്നും എഫ്‌ഐആര്‍.

ഇന്നലെ രാവിലെയായിരുന്നു ഭക്ഷണത്തില്‍ പുഴു എന്ന ആരോപണം ഉയര്‍ന്നത്. വൈകിട്ടോടെ അധ്യാപകന്‍ ജിജോ ജെയിംസ് തനിക്ക് പരാതിയില്ലെന്ന് എഴുതി നല്‍കിയിരുന്നു. പിന്നാലെ കസ്റ്റഡിയിലെടുത്ത പൊലീസ് രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം ഭക്ഷണത്തില്‍ പുഴുവെന്ന ആരേപണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍ ആവശ്യപ്പെട്ടിരുന്നു. പിടിയിലായ ആള്‍ അധ്യാപകനാണെന്നും ഇയാള്‍ക്കെതിരെ വകുപ്പ് നടപടി ഉണ്ടാകുമെന്നും മന്ത്രി സഭയില്‍ പറഞ്ഞിരുന്നു.

രാഷ്ട്രീയ വിരോധം വച്ച് നീചമായ പ്രവൃത്തിയാണ് അധ്യാപകന്‍ നടത്തിയത്. പ്രഭാതഭക്ഷണത്തിലും ഉച്ചയ്ക്ക് വിളമ്പിയ സാമ്പാറിലും പുഴു ഉണ്ടെന്നായിരുന്നു പ്രചാരണം. വെന്ത ഭക്ഷണത്തില്‍ എവിടെ നിന്നാണ് ജീവനുള്ള പുഴു വരികയെന്നും, എന്തിന് വേണ്ടിയാണ് ഈ നാടകമെന്നും മന്ത്രി ചോദിച്ചു.

SCROLL FOR NEXT