ടി. പത്മനാഭൻ Source; News Malayalam 24X7
KERALA

"ബഹുമാനമില്ലെങ്കിലും മന്ത്രിയെ ബഹു. ചേർത്ത് വിളിക്കുന്നു"; പരിഹസിച്ച് ടി. പത്മനാഭൻ

സത്യത്തിൽ എനിക്ക് ഒരു ബഹുമാനവുമില്ലെങ്കിലും ഈ വയസ്സുകാലത്ത് ജയിലിൽ പോകുന്നത് ഒഴിവാക്കാൻ ബഹുമാനപ്പെട്ട, ബഹുമാനപ്പെട്ട എന്ന് ചേർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹുമാനപ്പെട്ട എന്ന് ചേർത്ത് വിളിക്കണമെന്ന സർക്കുലറിനെ പരിഹസിച്ച് എഴുത്തുകാരൻ ടി പത്മനാഭൻ. മന്ത്രിയെ ബഹു. ചേർത്ത് വിളിച്ചില്ലെങ്കിൽ പൊലീസ് പിടിക്കും, പൊലീസ് പിടിച്ചാൽ മർദിക്കും,അതുകൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ ബഹു.ചേർത്ത് വിളിക്കുന്നുവെന്നും ടി പത്മനാഭന്റെ പരിഹാസം.

സത്യത്തിൽ എനിക്ക് ഒരു ബഹുമാനവുമില്ലെങ്കിലും ഈ വയസ്സുകാലത്ത് ജയിലിൽ പോകുന്നത് ഒഴിവാക്കാൻ ബഹുമാനപ്പെട്ട, ബഹുമാനപ്പെട്ട എന്ന് ചേർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എലപ്പുള്ളി ബ്രൂവറിയുമായി ബന്ധപ്പെട്ട പ്രസംഗത്തിലാണ് വിമർശനം. ബ്രൂവറിയെയും ടി. പത്മനാഭൻ വിമർശിച്ചു. ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും പത്മനാഭൻ ആവശ്യപ്പെട്ടു.

"ഏത് മന്ത്രിയെയും കുറിച്ച് നമ്മൾ പറയുമ്പോഴും ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ പറ്റൂ. ഇല്ലെങ്കിൽ നമ്മൾ ജയലിൽ പോകേണ്ടി വരും. ജയിലിൽ പോകുന്നതിന് മുമ്പ് പൊലീസുകാർ പിടിച്ച് ശരിപ്പെടുത്തും.ഒരൊറ്റയടിക്ക് മരിച്ച് പോകും. അത് ​​കൊണ്ട് ഈ വയസ്സുകാലത്ത്, 97ന്റെ പടിവാതിൽക്കലാണ് ഞാൻ നിൽക്കുന്നത്, അതിനൊന്നും ഇടവരുത്താതിരിക്കാനാണ് ഞാൻ ബഹുമാനപ്പെട്ട, ബഹുമാനപ്പെട്ട എന്ന് പറയുന്നത്. ഒരു സ്വകാര്യം പറയാം, സത്യത്തിൽ എനിക്ക് ഒരു ബഹുമാനവുമില്ല. സത്യം പറയണമെന്നാണല്ലോ. ബഹുമാനപ്പെട്ട എക്സൈസ് മന്ത്രിയോട് ബ്രൂവറിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെടുന്നു" എന്നായിരുന്നു എഴുത്തുകാരന്റെ വാക്കുകൾ.

SCROLL FOR NEXT