KERALA

എഴുത്തുകാരൻ വി.എസ്. അനിൽകുമാറിൻ്റെ വീടിന് മുന്നിൽ റീത്ത്; അന്വേഷണം ആരംഭിച്ച് പൊലീസ്

മകനെ ഫുട്‌ബോൾ കോച്ചിങിന് വിടാൻ ഒരുങ്ങുമ്പോഴായിരുന്നു ഗേറ്റിനോട് ചേർന്ന് റീത്ത് ശ്രദ്ധയിൽപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: എഴുത്തുകാരൻ വി.എസ്. അനിൽ കുമാറിൻ്റെ വീടിന് മുന്നിൽ റീത്ത്. കണ്ണൂർ കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. മകനെ ഫുട്‌ബോൾ കോച്ചിങിന് വിടാൻ ഒരുങ്ങുമ്പോഴായിരുന്നു ഗേറ്റിനോട് ചേർന്ന് റീത്ത് ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തെ തുടർന്ന് അനിൽ കുമാർ കണ്ണപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പയ്യന്നൂരിലെ സിപിഐഎം വിമതൻ വി. കുഞ്ഞികൃഷ്ണൻ രചിച്ച 'നേതൃത്വത്തെ അണികൾ തിരുത്തണം'എന്ന പുസ്തകം ഏറ്റുവാങ്ങിയത് വി.എസ്. അനിൽകുമാറായിരുന്നു. ഈ പുസ്തക പ്രകാശന ചടങ്ങിൽ വച്ചും സോഷ്യൽ മീഡിയയിലൂടെയും സിപിഐഎം നേതൃത്വത്തിൻ്റെ നിലപാടുകളെ അദ്ദേഹം നിരന്തരം വിമർശിക്കാറുണ്ടായിരുന്നു.

റീത്ത് വെച്ചത് ആരെന്ന് ഊഹിക്കാനില്ലെന്നും, പിന്നിൽ ആരെന്ന് പൊലീസ് കണ്ടുപിടിക്കട്ടെ എന്നും അനിൽകുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഭീഷണിയിൽ ഭയപ്പെടില്ലെന്നും ഭീഷണിപ്പെടുത്തിയവരുടെ ഭീഷണിക്ക് പുരോഗമനമില്ലെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT