KERALA

"നിങ്ങൾ ആരെങ്കിലും നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ"; വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ

"600 മില്ലി ഡയാറുള്ള പൈപ്പുകളാണ് പമ്പിങ് സ്റ്റേഷനുകളിൽ വച്ചിരിക്കുന്നത്. അങ്ങനെ പമ്പ് ചെയ്യാൻ പറ്റുന്ന മോട്ടോറോ... പമ്പോ ഇന്ത്യയിൽ എവിടെയുമില്ല," എം.ജെ. സെബാസ്റ്റ്യൻ വിമർശിച്ചു.

Author : ന്യൂസ് ഡെസ്ക്

പൂഞ്ഞാർ: പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ എം.ജെ. സെബാസ്റ്റ്യൻ. പാലായിൽ വച്ച് നടന്ന ഒരു പൊതുപരിപാടിയിൽ ആയിരുന്നു എംഎൽഎയുടെ പരാമർശം. "നിങ്ങൾ ആരെങ്കിലും നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ... " എന്നാണ് എം.ജെ. സെബാസ്റ്റ്യൻ്റെ പരാമർശം. ജലനിധി കുടിവെള്ള പദ്ധതിയിൽ വൻ അഴിമതിയെന്ന് ചൂണ്ടിക്കാട്ടി എംഎൽഎയുടെ ആരോപണം

"ഈ കഴിഞ്ഞ സർക്കാരിൻ്റെ ചെയ്തികൾ... നിങ്ങളാരെങ്കിലും നിയമസഭയിൽ അംഗമായിട്ട് ഇരിക്കുകയാണെങ്കിൽ അവിടെ ഇരിക്കുന്ന പിണറായി വിജയനെ എണീറ്റ് ചെന്ന് അടിവച്ച് കൊടുക്കും. അതാണ് ചെയ്തുവച്ചിരിക്കുന്നത്. വിശ്വസിക്കാൻ പറ്റില്ല, നിങ്ങളുടെ കൺമുന്നിലുള്ളൊരു കാര്യം ഞാൻ പറയാം. 44,000 കോടി വരുന്നതാണ് ജലനിധി എന്ന പ്രൊജക്ട്. കഴിഞ്ഞ ദിവസം 11.30ന് മീറ്റിങ് വച്ചിട്ട് ഞാനും മോൻസ് ജോസഫും ജനപ്രതിനിധികളും ഉൾപ്പെടുന്ന ആളുകൾ 4.30നാണ് കോട്ടയത്ത് നിന്ന് ഇറങ്ങിയത്. ഇപ്പോഴും എങ്ങനെ ഈ പദ്ധതി നടപ്പാക്കുമെന്ന് എനിക്കറിയത്തില്ല," എം.ജെ. സെബാസ്റ്റ്യൻ പറഞ്ഞു.

"44,000 കോടി വരുന്നതാണ് ജലനിധി എന്ന പദ്ധതിയിൽ ഏകദേശം 420 പ്രൊജക്ടുകളാണ്. അതിലേറ്റവും വലിയ പ്രൊജക്ടാണ് പാലാ, പൂഞ്ഞാർ ഉൾപ്പെടുന്ന 13 പഞ്ചായത്തിലെ പ്രൊജക്ട്. ഞാൻ അഴിമതിയുടെ വ്യാപ്തി പറയാൻ വേണ്ടി വിളിച്ചതാണ്. 67 ടാങ്കുകൾ, അതിൽ രണ്ടെണ്ണം 45 ലക്ഷം ലിറ്ററിൻ്റേയും 35 ലക്ഷം ലിറ്ററിൻ്റേയും... അതിൽ ഒരെണ്ണം മുണ്ടക്കയത്തും ഒരെണ്ണം മേലൂരും. പമ്പിങ് സ്റ്റേഷൻ പണി നടക്കുന്നത് എവിടെയാണെന്ന് പോലുമറിയില്ല," പൂഞ്ഞാർ എംഎൽഎ വിശദീകരിച്ചു.

"35 സപ്ലൈ ടാങ്കുകൾ.. അതിൽ ഏഴെണ്ണത്തിൻ്റെ പണി തീർന്നിട്ടില്ല. ആ സമയത്ത് ഇവര് മൂഴുവൻ പൈപ്പുകളും വാങ്ങി. നിങ്ങളൊന്ന് ആലോചിച്ച് നോക്കിയേ.. എന്നോട് ഇന്ന് ഒരു കോൺട്രാക്ടർ പറഞ്ഞു. അതിൻ്റെ ശരിയായ എസ്റ്റിമേറ്റെടുക്കണമെന്ന്. 600 മില്ലി ഡയാറുള്ള പൈപ്പുകളാണ് പമ്പിങ് സ്റ്റേഷനുകളിൽ വച്ചിരിക്കുന്നത്. അങ്ങനെ പമ്പ് ചെയ്യാൻ പറ്റുന്ന മോട്ടോറോ... പമ്പോ ഇന്ത്യയിൽ എവിടെയുമില്ല," എം.ജെ. സെബാസ്റ്റ്യൻ വിമർശിച്ചു.

SCROLL FOR NEXT