Source: News Malayalam 24X7
KERALA

"ആരോഗ്യമന്ത്രിയെ കെഎസ്‌യു ആക്രമിക്കുന്ന ദൃശ്യം നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം" ; യൂത്ത് കോൺഗ്രസ്

മൂക്കിൽ മർദനം ഏറ്റാൽ വീൽ ചെയ്യറിൽ പോകണോ എന്ന് ചോദിച്ചവരെയും കാണുന്നില്ലെന്നും ഷാഫി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കെഎസ്‌യു പ്രതിഷേധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പ്രതകരിച്ച് യൂത്ത് കോൺഗ്രസ്. ആരോഗ്യമന്ത്രിയെ ആക്രമിച്ചെന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. വീണാജോർജിനെ കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ച ദൃശ്യം നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ്.

മുക്കം യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതേ സമയം സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് കെഎസ്‌യു പ്രതികരിച്ചു. ഗൂഡലോചനയുടെ മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രിയാണ്. സ്പീക്കർ എ. എൻ. ഷംസീർ ഉൾപ്പെടെ ആ സമയത്ത് ഫോണിൽ വിളിച്ചവരെല്ലാം ഗൂഡലോചനയിലെ കണ്ണികളാണെന്നും കെഎസ്‌യു ആരോപിച്ചു.

സമരത്തെ അവഹേളിക്കാൻ ശ്രമമെന്ന് പി. മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു. വനിതാമന്ത്രിയെ അപമാനിച്ചത് മുഖ്യമന്ത്രി വ്യക്തി താല്പര്യത്തിന് വേണ്ടി മുഖ്യമന്ത്രിയും ഷംസീറും കാണിച്ച തെമ്മാടിത്തം. അതിന് വീണ ജോർജിനെ കിട്ടുമായിരിക്കും, കെ എസ് യുവിനെ കിട്ടില്ലെന്നും ഷമ്മാസ് പ്രതികരിച്ചു. അതേ സമയം സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപിയും രംഗത്തെത്തി.

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആരും വീണ ജോർജിനെ ആക്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. പൊലീസുകാർ എന്തെങ്കിലും ചെയ്തോ എന്ന് അറിയില്ല. ദൃശ്യങ്ങളിൽ ഒന്നും കണ്ടില്ല. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് എതിരെ വധ ശ്രമത്തിന് കേസെടുത്തത് ന്യായീകരിക്കാൻ ആകാത്തത്. തന്നെ പേരാമ്പ്രയിൽ മർദിച്ചപ്പോൾ അഭിനയം എന്ന് പറഞ്ഞവർ ഇപ്പോ എവിടെ? മൂക്കിൽ മർദനം ഏറ്റാൽ വീൽ ചെയ്യറിൽ പോകണോ എന്ന് ചോദിച്ചവരെയും കാണുന്നില്ലെന്നും ഷാഫി പറഞ്ഞു.

അതേ സമയം ആരോഗ്യമന്ത്രിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നിരുന്നു. മന്ത്രിക്ക് പെയിൻ പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സയാണ് നൽകിവരുന്നത്. അടിയന്തര ശസ്ത്രക്രിയ വേണ്ടുന്ന സാഹചര്യം ഇല്ലെന്നും ബോർഡ് റിപ്പോർട്ടിൽ പറയുന്നു. മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതമുണ്ടെന്ന് മെഡിക്കൽ സംഘം പ്രാഥമിക എക്സ്റേ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

മന്ത്രി കണ്ണൂർ റയിൽവേ സ്റ്റേഷനിലേക്ക് എത്തുമ്പോൾ പുറത്ത് യാത്രക്കാരെന്ന മട്ടിൽ പതുങ്ങി നിൽക്കുന്ന പ്രതിഷേധക്കാർ പൊടുന്നനെ കരിങ്കൊടിയുമായി മന്ത്രിക്ക് പിന്നാലെ പായുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ ഓടിയടുക്കുന്നതിനിടെ പൊലീസുകാർ മന്ത്രിക്ക് കവചം തീർക്കുന്നതും, ഉന്തും തള്ളിനുമിടയിൽ ഒരു പൊലീസുകാരൻ്റെ കൈ മന്ത്രിയുടെ കഴുത്തിൽ തട്ടുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

SCROLL FOR NEXT