KERALA

യൂത്ത് കോണ്‍ഗ്രസ് ഒരുപാട് പെണ്‍കുട്ടികള്‍ നിലനില്‍ക്കുന്ന പ്രസ്ഥാനം, എപ്പോഴും ഇത് ചിരിച്ച് തള്ളാനാവില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആര്‍.വി. സ്‌നേഹ

മൗനം പാലിക്കുന്നത് ശരിയല്ല. സംഘടന ഇതിനോട് പ്രതികരിക്കണമെന്നും ആര്‍.വി. സ്‌നേഹ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

രാഹുല്‍ മാങ്കൂട്ടത്തിലിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം. രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാറി നില്‍ക്കണമെന്ന് വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്‌നേഹ. എത്രാമത്തെ തവണയാണ് ആരോപണം കേള്‍ക്കുന്നത്. എപ്പോഴും ഇത് ചിരിച്ച് തള്ളാനാവില്ല. മൗനം പാലിക്കുന്നത് ശരിയല്ല. സംഘടന ഇതിനോട് പ്രതികരിക്കണമെന്നും ആര്‍ വി സ്‌നേഹ പറഞ്ഞു.

ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ മാറി നില്‍ക്കുകയാണ് ചെയ്യേണ്ടത്. സത്യം സമൂഹത്തെ അറിയിക്കാന്‍ സംഘടനക്ക് ബാധ്യതയുണ്ട്. യൂത്ത് കോണ്‍ഗ്രസ് ഒരുപാട് പെണ്‍കുട്ടികള്‍ നിലനില്‍ക്കുന്ന പ്രസ്ഥാനമാണ്. സത്യം അല്ലെങ്കില്‍ ആരോപണമുന്നയിച്ച പെണ്‍കുട്ടിക്കെതിരെ കേസ് കൊടുക്കാന്‍ തയ്യാറാകണം. പെണ്ണ് പിടിയനായ പ്രസിഡന്റ് അല്ല യൂത്ത് കോണ്‍ഗ്രസിനുള്ളതെന്ന് തെളിയിക്കേണ്ട ബാധ്യത സംഘടനയ്ക്കുണ്ടെന്നും ആര്‍.വി. സ്‌നേഹ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അടുത്ത ദിവസങ്ങളിലായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. എഴുത്തുകാരി ഹണി ഭാസ്‌കര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ് ഒരു യുവ നേതാവിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആരാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും രാഹുല്‍ മാങ്കൂട്ടത്തിലാണ് പിന്നിലെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു റിനി ആന്‍ ജോര്‍ജിന്റെയും വിമര്‍ശനം.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറും. ദേശീയ നേതൃത്വത്തിന് ലഭിച്ച അതിഗുരുതരമായ പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് നടപടി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാസ് മുന്‍ഷിക്ക് നേരിട്ട് ലഭിച്ചത് ഒന്‍പതില്‍ ഏറെ പരാതികളാണ്. അതിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയിലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പടയൊരുക്കം തുടങ്ങി.

SCROLL FOR NEXT