പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ പത്തനംതിട്ടയിലെ പരിപാടിക്ക് ഇടയിലും പ്രതിപക്ഷ പ്രതിഷേധം. ടൗൺ ഹാളിൽ വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. യുഡിഎഫ് പ്രവർത്തകർ മന്ത്രിയെ തടഞ്ഞുനിർത്തി കയർത്തതോടെ പ്രതിരോധവുമായി എൽഡിഎഫ് പ്രവർത്തർ രംഗത്തെത്തി. പരിപാടി യുഡിഎഫ് ബഹിഷ്കരിച്ചതോടെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവുമൂലം കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തിലും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. കൊല്ലം ഡിഎംഒ ഓഫീസിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവുകൾ ആരോപിച്ച് രാവിലെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിയിലേക്കാണ് യൂത്ത് കോൺഗ്രസ് ആദ്യം പ്രതിഷേധം സംഘടിപ്പിച്ചത്.
റീത്തുമായി എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാവിലെ എട്ടുമണിയോടെ എത്തിയ പ്രവർത്തകർ പൊലീസിനെ മറികടന്ന് വീടിന്‍റെ വാതിലില്‍ റീത്ത് വച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റുകയായിരുന്നു.
എന്നാൽ ആരോഗ്യ മന്ത്രി എന്ന നിലയിൽ ചെയ്യേണ്ടതെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും കോൺഗ്രസിന്റേത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീചമായ ആക്രമണമാണെന്നുമായിരുന്നു വീണാ ജോർജിന്റെ പ്രതികരണം. വി.ഡി. സതീശന്റെ നിർദേശപ്രകാരമാണ് ആക്രമണം നടത്തുന്നതെന്നും വീണാ ജോർജ് ആരോപിച്ചു. എന്ത് ചികിത്സാ പിഴവായാലും സർക്കാർ അംഗീകരിക്കില്ലെന്നും തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.