ഇടുക്കി: ഡിസിസി പ്രസിഡൻ്റ് സി.പി. മാത്യുവിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. സംഘടനാ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മുനീറാണ് എഐസിസിക്കും കെപിസിസി പ്രസിഡൻ്റിനും പരാതി നൽകിയത്.
ഡിസിസി പ്രസിഡൻ്റ് കോൺഗ്രസ് പ്രവർത്തകരെ നിരന്തരം അധിക്ഷേപിച്ച് സംസാരിക്കുന്നുവെന്നും, പക്വതയില്ലാത്ത പെരുമാറുന്ന ഡിസിസി അധ്യക്ഷനെതിരെ നേതൃത്വം നടപടി സ്വീകരിക്കണമെന്നും പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം, ഡീന്‍ കുര്യാക്കോസ് എംപിക്കെതിരെ സി.പി. മാത്യു വിമർശനം ഉന്നയിച്ചിരുന്നു. ഒരുപാട് മൂക്കാതെ പഴുത്തതിൻ്റെ പ്രശ്നമാണ് ഡീന്‍ കുര്യാക്കോസിന് എന്നായിരുന്നു സി.പി. മാത്യു പറഞ്ഞത്. എംപി എന്നാല്‍ മെമ്പര്‍ ഓഫ് പഞ്ചായത്ത് ആവരുതെന്നും, ഡീന്‍ കുര്യാക്കോസിനെ കൊണ്ട് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നും സി.പി. മാത്യു പറഞ്ഞിരുന്നു. വി.ഡി. സതീശന്‍ അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരെ ഡിസിസി നടപടിയെടുത്തതില്‍ ഡീന്‍ കുര്യക്കോസ് പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഡിസിസി പ്രസിഡൻ്റിൻ്റെ പ്രതികരണം.
ഇടുക്കിയുടെ പ്രിയങ്കരനായ ജനപ്രതിനിധി ശ്രീ. ഡീൻ കുര്യാക്കോസ് എംപിയെ രാഷ്ട്രീയ മര്യാദ പഠിപ്പിക്കാൻ സി.പി. മാത്യു മുതിരുന്നത് അങ്ങേയറ്റം പരിഹാസ്യമാണ് എന്ന് ജില്ലാ യുഡിഎഫ് ചെയർമാൻ ജോയ് വെട്ടിക്കുഴി പ്രികരിച്ചിരുന്നു. സ്വന്തം പ്രസ്ഥാനത്തെ നിരന്തരം പ്രതിസന്ധിയിലാക്കാൻ മാത്രം ശീലിച്ചിട്ടുള്ള ഒരാളിൽ നിന്ന് രാഷ്ട്രീയ ഗൗരവമുള്ള ആരും ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.