സജന ബി. സാജൻ, രാഹുൽ മാങ്കൂട്ടത്തിൽ Source: News Malayalam 24x7
KERALA

"സ്ത്രീകളുടെ മാനത്തിന് വില നൽകണം"; രാഹുലിനെതിരെ എഐസിസിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ് സജന ബി. സാജൻ

രാഹുലിനെതിരെയുള്ള പരാതിയും ആരോപണങ്ങളും പാർട്ടി അന്വേഷിക്കണമെന്നാണ് സജനയുടെ ആവശ്യം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സാജൻ. മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കാണ് പരാതി നൽകിയത്. രാഹുലിനെതിരെയുള്ള പരാതിയും ആരോപണങ്ങളും പാർട്ടി അന്വേഷിക്കണമെന്നാണ് സജനയുടെ ആവശ്യം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സജന പരാതിയുമായി രംഗത്തെത്തിയത്. സ്ത്രീകളുടെ മാനത്തിന് വില നൽകണമെന്നാണ് യൂത്ത് കോൺഗ്രസിൽ ഒരു വിഭാഗത്തിൻ്റെ പ്രസ്താവന. ഇനിയും പാഠം പഠിച്ചില്ലെങ്കിൽ, പഠിക്കാൻ പാർട്ടി ഉണ്ടാകില്ലെന്നും വിമർശനമുണ്ട്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷം. രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂല നിലപാടുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് രംഗത്തെത്തി. രാഹുലിൻ്റെ അവകാശങ്ങൾ നിഷേധിക്കാനാകില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

നിരപരാധിത്വം തെളിയും വരെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് കെ. മുരളീധരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കാൻ പാർട്ടിക്ക് കഴിയില്ല. പാർട്ടി പരിപാടിയിലേക്ക് അടുപ്പിക്കില്ലെന്നും മുരളീധരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

പാർട്ടി പരിപാടിയിൽ രാഹുൽ എങ്ങനെ പങ്കെടുത്തു എന്നറിയില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ പക്ഷം. രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ല എന്നും കേൾക്കേണ്ട ഏർപ്പാടൊന്നും അല്ലല്ലോയെന്നും ചെന്നിത്തല പറയുന്നു.

SCROLL FOR NEXT