കൊച്ചി: യുഡിഎഫിന്റെ സത്യപ്രതിജ്ഞാ വേദിയിൽ റിനി ആൻ ജോർജ് പങ്കെടുത്തതിനെതിരെ ധീരജ് രാജേന്ദ്രൻ വധക്കേസ് പ്രതിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ നിഖിൽ പൈലി. സിപിഐഎമ്മിൻ്റെ വേട്ടയാടലുകൾക്ക് ഇരയായവർ പൊരിവെയിലത്ത് നിന്നപ്പോൾ റിനിയെ വേദിയിലേക്ക് കടത്തി വിട്ടതാരാണെന്നാണ് നിഖിൽ പൈലിയുടെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നിഖിൽ പൈലിയുടെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കഴിഞ്ഞ പത്ത് വർഷക്കാലം ഈ പ്രസ്ഥാനത്തിനുവേണ്ടി എന്നെ പോലെ ജീവനും ജീവിതവും നൽകി ജയിലിൽ കിടന്നവരും സിപിഐഎമ്മിന്റെ വേട്ടയാടലുകൾക്ക് വിധേയരായ ഒരുപാട് പേര് പൊരി വെയിലത്ത് ദൂരെ നിന്ന് സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കുമ്പോൾ ആൻ ജോർജ് എന്ന് പറയുന്ന ഒരു യൂട്യൂബ് റീൽ മോഡൽ മാത്രമായ സ്ത്രീയെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വേദിയിലേക്ക് കയറ്റിവിട്ടത് ആര്?
ഞങ്ങളെപ്പോലുള്ളവരെയൊക്കെ മറന്ന് ഇവരെ പോലുള്ളവരെ ഓർക്കുമ്പോൾ ഒരു കാര്യം മറന്നുപോകരുത്. എൽഡിഎഫ് സർക്കാരിനെതിരെ സമരം ചെയ്തും സിപിഐഎമ്മിന്റെ തല്ലും കൊണ്ടും, വീടുകൾ കയറി വോട്ട് ചോദിച്ചും കിട്ടിയതാണ് ഈ മന്ത്രി കസേരകൾ.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ നടിയെ ജനംകൂട്ടം കൂകിവിളിച്ചിരുന്നു. കൂകിവിളിക്കുന്ന ആൾക്കൂട്ടത്തെ ചിരിച്ചുകൊണ്ട് നേരിടുന്ന റിനിയുടെ വീഡിയോയും വൈറലാണ്. കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു എന്നായിരുന്നു സംഭവത്തിൽ റിനിയുടെ പ്രതികരണം. അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിച്ചെന്നും കൂകിവിളിച്ചവർ കോൺഗ്രസുകാരാണെന്ന് കരുതുന്നില്ലെന്നും റിനി പ്രതികരിച്ചിരുന്നു.
ലൈംഗികതിക്രമക്കേസിൽ പ്രതിയായ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി തുറന്നുപറച്ചിൽ നടത്തിയത് റിനി ആൻ ജോർജാണ്. വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രാഹുൽ അനുകൂലികൾ റിനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടത്തിയിരുന്നു.