മുതിർന്ന കേൺഗ്രസ് നേതാവ് പി. ജെ. കുര്യനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്. മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടി യൂത്ത് കോൺഗ്രസിനെയും കെഎസ്‌യുവിനെയും പഴി ചാരുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വിമർശനം. പിജെ കുര്യൻ സാർ എന്നായിരുന്നു വിളിച്ചിരുന്നത് എന്നാൽ ആ ' സാർ വിളി ' ഇനി അർഹിക്കുന്നില്ലെന്നും വിമർശനമുണ്ട്. എസ്എഫ്ഐയിൽ ക്ഷുഭിത യൗവനം എന്ന് പറഞ്ഞ പി. ജെ. കുര്യൻ്റെ പരാമർശത്തിലാണ് വിമർശനം.
പെരുന്തച്ചൻ കോംപ്ലക്സുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കരുതെന്ന് ദുൽഖിഫിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കാഴ്ചക്കുറവുണ്ടെങ്കിൽ മുന്തിയ ഇനം കണ്ണട വാങ്ങണമെന്ന പരിഹാസവുമുണ്ട്. ഇടതു സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ യൂത്ത് കോൺഗ്രസുകാർക്ക് മർദനം ഏൽക്കേണ്ടിവന്നിരുന്നു. ഒൻപത് വർഷം ഫ്രീസറിൽ ഇരുന്ന സംഘടനയെയാണ് കുര്യൻ പുകഴ്ത്തിയതെന്നും യൂത്ത് കോൺഗ്രസ് നേതാവ് വിമർശിച്ചു.
യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ജിതിൻ നൈനാനും പി. ജെ. കുര്യനെതിരെ പോസ്റ്റുമായി രംഗത്തെത്തി. പി. ജെ. കുര്യൻ സാർ എന്നായിരുന്നു വിളിച്ചിരുന്നത് എന്നാൽ ആ ' സാർ വിളി ' ഇനി അർഹിക്കുന്നില്ലെന്ന് ജിതിൻ ഫേസ്ബുക്കിൽ കുറിച്ചു. കൊടിയ പീഡനങ്ങൾ നേരിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നോക്കി പറഞ്ഞ വാക്കുകൾ അംഗീകരിക്കാൻ കഴിയില്ല. പിജെ കുര്യൻ യൂത്ത് കോൺഗ്രസ് പ്രായത്തിൽ പൊലീസിന്റെ ഒരു പിടിച്ചു മാറ്റലിൽ പോലും ഉൾപ്പെട്ടിട്ടില്ലന്നും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിമർശിച്ചു.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരെ വേദിയിൽ ഇരുത്തിയായിരുന്നു പി.ജെ. കുര്യൻ്റെ വിമർശനം. ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ യൂത്ത് കോൺഗ്രസിന് കഴിയുന്നില്ല. എതിർ പ്രചരണങ്ങൾക്കിടയിലും സിപിഐഎം സംഘടന സംവിധാനം ശക്തമാണ്. എസ്എഫ്ഐ ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നുവെന്നും പി.ജെ. കുര്യൻ പറഞ്ഞു.
പി.ജെ. കുര്യൻ്റെ വിമർശനങ്ങൾക്ക് അതേവേദിയിൽ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ മറുപടിയും നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തെരുവിലിട്ട് മർദിക്കുന്നത് കാണുന്നില്ലേ എന്നായിരുന്നു രാഹുലിൻ്റെ ചോദ്യം. ചെറുപ്പക്കാർ ഇല്ല എന്ന് അദ്ദേഹം പറയുമ്പോൾ തന്നെ ആലപ്പുഴ ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് മർദനമേൽക്കുന്നുണ്ട്. കുടുംബയോഗങ്ങളിൽ ചെറുപ്പക്കാർ കുറഞ്ഞെന്ന് വരും. പക്ഷേ തെരുവുകളിൽ ആ കുറവ് വരാതെ യൂത്ത് കോൺഗ്രസ് നേതാക്കൾ നോക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. വിമർശനങ്ങളെ ശിരസാവഹിക്കുന്നു എന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
ദുൽഖിഫിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
പ്രിയപ്പെട്ട കുര്യൻ സാറേ അങ്ങ് യൂത്ത് കോൺഗ്രസിനെ നയിച്ചിട്ടുണ്ട്, പാർട്ടി നേതൃനിരയിൽ ഇരുന്നിട്ടുണ്ട്. പാർട്ടി ഒരുപാട് സ്ഥാനമാനങ്ങൾ നൽകിയ താങ്കൾക്ക് നിലവിൽ പാർട്ടി നേതൃത്വവുമായി എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടി യൂത്ത് കോൺഗ്രസിനെയും കെഎസ്‌യുവിനെയും വഴി ചാരുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമല്ലേ?
കേരളത്തിൽ കഴിഞ്ഞ 9 വർഷമായി ലക്ഷക്കണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പല വിഷയങ്ങളിലായി കേസിൽ പെട്ടത്.കേസിൽ പെട്ടു എന്ന് മാത്രമല്ല ഇടത് സർക്കാറിനെതിരെ പ്രതിഷേധത്തിൻ്റെയും, പ്രതിരോധത്തിൻ്റെയും പടയണി തീർത്തതിൻ്റെ പേരിൽ പൊലീസ് മർദനവും, രാഷ്ട്രീയ എതിരാളികളുടെ അക്രമണവും നേരിടേണ്ടി വന്നത് താങ്കൾ കണ്ടിരുന്നില്ലേ? അങ്ങേക്ക് കണ്ണിന് കാഴ്ച കുറവുണ്ടെങ്കിൽ മുന്തിയ ഇനം കണ്ണട വാങ്ങണം എന്നിട്ടും താങ്കൾക്ക് കാര്യങ്ങൾ നേരെ ചൊവ്വേ കാണാൻ സാധിക്കുന്നില്ലെങ്കിൽ അങ്ങ് തന്നെ നേതൃത്വം കൊടുത്ത യുപിഎ ഗവൺമെന്റ് കാലത്ത് നടപ്പിലാക്കിയ വിവരാകാശ നിയമം പ്രകാരം പത്തുരൂപ കോർട്ട്ഫീ സ്റ്റാമ്പ് ഉപയോഗിച്ചു വിവരാകാശ നിയമ പ്രകാരം കേസിൽപ്പെട്ട യൂത്ത് കോൺഗ്രസുകാരുടെ വിവരം ചോദിച്ചു കഴിഞ്ഞാൽ രേഖ ലഭിക്കും.കൈ രേഖയല്ല അത്.കഴിഞ്ഞ 9 വർഷക്കാലം ഫ്രീസറിൽ ഇരുന്ന് ഒരു സംഘടനയാണ് താങ്കൾ പുകഴ്ത്തിയ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും എന്നത് താങ്കൾ മറന്ന് പോയതാണോ? ഏതോ ഒരു വ്യക്തിയോടുള്ള വൈരാഗ്യം തീർക്കാൻ പെരുന്തച്ചൻ കോംപ്ലക്സുമായി തെരുവിൽ ചോര ചിന്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിച്ചാൽ അങ്ങയുടെ കാലത്തെ യൂത്ത് കോൺഗ്രസ് കാണിച്ചു തന്ന മാതൃകയിൽ ഞങ്ങൾ തിരിച്ചു പ്രതികരിക്കുമ്പോൾ അഹങ്കാരികൾ എന്ന് പറയാൻ ഇടവരുത്തരുത്