മനാഫ്  NEWS MALAYALM 24x7
KERALA

ജീവന് ഭീഷണിയുണ്ട്, ധര്‍മസ്ഥലയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു: മനാഫ്

തിങ്കളാഴ്ച പൊലീസ് സംരക്ഷണത്തില്‍ എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകും

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ധര്‍മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് യൂട്യൂബര്‍ മനാഫ്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നുമാണ് മനാഫ് ആവശ്യപ്പെട്ടിരിക്കുന്നത്. സംരക്ഷണം ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടതായും മനാഫ് പറഞ്ഞു.

കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്‌ഐടി) മുന്നില്‍ ഹാജരാകാന്‍ മനാഫിന് നിര്‍ദേശം ലഭിച്ചിരുന്നു. തിങ്കളാഴ്ച പൊലീസ് സംരക്ഷണത്തില്‍ എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകും. സംരക്ഷണം നല്‍കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

ധര്‍മസ്ഥലയില്‍ നിരവധി സ്ത്രീകളെ മറവ് ചെയ്‌തെന്ന് മുന്‍ ശുചീകരണ തൊഴിലാളി ആരോപിച്ചതിനു പിന്നാലെയാണ് മനാഫ് തന്റെ യൂട്യൂബ് ചാനലിലൂടെ ചില പരാമര്‍ശങ്ങള്‍ നടത്തിയത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പലരേയും കുഴിച്ചിട്ടുണ്ടെന്നും കേരള സാരി ഉടുത്ത സ്ത്രീകളും ഉള്‍പ്പെടുമെന്നുമൊക്കെയായിരുന്നു മനാഫ് പറഞ്ഞത്.

യൂട്യൂബ് ചാനലിലൂടെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി മനാഫ് പറഞ്ഞു. ചിലര്‍ മനപൂര്‍വം മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉഡുപ്പി പൊലീസ് തനിക്കെതിരെ മതസ്പര്‍ധയ്ക്ക് കേസെടുത്തതായും മനാഫ് പറഞ്ഞു. ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു. വ്യാജ ആരോപണങ്ങളുടെ പേരില്‍ അന്വേഷണം നേരിടുന്ന ടി. ജയന്തിനൊപ്പം ചേര്‍ന്നാണ് മനാഫ് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്.

ഇന്നലെ ഹാജരാകാനായിരുന്നു മനാഫിന് എസ്‌ഐടി നല്‍കിയ നിര്‍ദേശം. എന്നാല്‍, ഓണവും നബിദിനവും കണക്കിലെടുത്ത് ഇളവ് വേണമെന്ന മനാഫിന്റെ ആവശ്യം എസ്‌ഐടി അംഗീകരിച്ചു.

SCROLL FOR NEXT