കരണ്‍ സിംഗ് ത്യാഗി സംവിധാനം ചെയ്ത അക്ഷയ് കുമാര്‍ നായകനായി എത്തിയ ചിത്രമാണ് കേസരി ചാപ്റ്റര്‍ 2. ചിത്രത്തില്‍ അനന്യാ പാണ്ഡേയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. ഏപ്രില്‍ 18നാണ് ചിത്രം തിയേറ്ററിലെത്തിയത്. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
ഇപ്പോഴിതാ ചിത്രത്തിലെ ചില ഡയലോഗ് കോപ്പിയടിച്ചതാണെന്ന ആരോപണമാണ് ഉയര്‍ന്ന് വരുന്നത്. യൂട്യൂബറും കവിയുമായ യഹ്യ ബൂട്ട്‌വാലയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ജാലിയന്‍വാലാ ബാഗിനെ കുറിച്ചുള്ള കവിതയിലെ വരികള്‍ തന്റെ അനുവാദമില്ലാതെ പകര്‍ത്തിയെന്നാണ് ആരോപണം.
തന്റെ കവിതയുടെ അവതരണവും അനന്യാ പാണ്ഡേയുടെ കഥാപാത്രം അവതരിപ്പിക്കുന്ന സമാനമായ വരികളും ചേര്‍ത്തുള്ള ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ യഹ്യ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ രചയ്താവ് സുമിത് സക്‌സേന തന്റെ കൃതി പകര്‍ത്തിയെന്ന ആരോപിച്ച് ഇന്‍സ്റ്റഗ്രാമില്‍ യഹ്യ കുറിപ്പും പങ്കുവെച്ചു.
"കേസരി ചാപ്റ്റര്‍ 2ലെ ഒരു ക്ലിപ് നാല് ദിവസം മുന്നെ എന്റെ ഒരു സുഹൃത്ത് എനിക്ക് അയച്ചു തന്നിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് 'അണ്‍ ഇറേസ് പോയെട്രി' എന്ന പേരിലുള്ള എന്റെ യൂട്യൂബ് ചാനലില്‍ ഞാന്‍ പ്രസിദ്ധീകരിച്ച ജാലിയന്‍വാലാ ബാഗ് എന്ന കവിതയില്‍ നിന്ന് പകര്‍ത്തിയതാണ് ആ ഡയലോഗെന്ന് എന്റെ സുഹൃത്ത് കരുതി. സത്യം പറഞ്ഞാല്‍ ഇത് കോപി പേസ്റ്റ് ആണ്. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് മറ്റൊരു എഴുത്തുകാരനോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മോശമായ കാര്യം അവരുടെ ഉള്ളടക്കം ക്രഡിറ്റ് നല്‍കാതെ എടുക്കുക എന്നതാണ്", എന്നാണ് യഹ്യ ബൂട്ട്‌വാല കുറിച്ചത്.
എന്നാല്‍ ആ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ് ഇപ്പോള്‍. അത് നീക്കം ചെയ്തത് താനല്ലെന്ന് വ്യക്തമാക്കി യഹ്യ സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ദേശീയ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.