NEWSROOM

അനിൽ അംബാനിയുടെ കമ്പനിയിൽ തുക നിക്ഷേപിച്ചത് മാനദണ്ഡങ്ങൾ പാലിച്ച്, അഴിമതി ആരോപിക്കുന്നവർ തെളിവ് ഹാജരാക്കണം: തോമസ് ഐസക്

നിക്ഷേപം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ച തോമസ് ഐസക് മാനദണ്ഡങ്ങൾ പാലിച്ചാണ് തുക നിക്ഷേപിച്ചതെന്നും വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ധനകാര്യ സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഷെഡ്യൂൾ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താം. അങ്ങനെയൊരു കമ്പനിയിൽ നിക്ഷേപം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ച തോമസ് ഐസക് മാനദണ്ഡങ്ങൾ പാലിച്ചാണ് അനില്‍ അംബാനിയുടെ കമ്പനിയില്‍ തുക നിക്ഷേപിച്ചതെന്നും വ്യക്തമാക്കി.


250 കോടി രൂപയുടെ ബോണ്ട് ഇറക്കുന്നതിന് യോഗ്യത നേടാനാണ് തുക നിക്ഷേപിച്ചത്. ഇതൊരു ബിസിനസ് തീരുമാനമായിരുന്നു. ബിസിനസ് നടത്തുമ്പോൾ നഷ്ടവും ലാഭവും വരും. നിക്ഷേപം നടത്തുന്ന സമയത്ത് ആ സ്ഥാപനം നഷ്ടത്തിൽ പോകുമെന്ന് പറയാൻ പറ്റില്ലല്ലോ? കമ്പനികളുടെ പേര് മറച്ചുവെച്ചിട്ടില്ലെന്നും ടെൻഡർ വിളിച്ചാണ് നിക്ഷേപം നടത്തിയതെന്നും മുന്‍ ധനമന്ത്രി വ്യക്തമാക്കി. നബാർഡിന് അവിടെ 2000 കോടി രൂപ നിക്ഷേപമുണ്ട്. അഴിമതി ആക്ഷേപിക്കുന്നവർ അതിനുള്ള തെളിവ് ഹാജരാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.



ഇൻവെസ്റ്റ്‌മെന്‍റ് കമ്മിറ്റി തീരുമാനിക്കാതെ എവിടെയെങ്കിലും നിക്ഷേപം നടത്താൻ കഴിയുമോ? സെബി (SEBI) കെഎഫ്സി അടച്ചുപൂട്ടാൻ പറഞ്ഞതാണെന്നും അവിടെ നിന്നാണ് അതിനെ ലാഭത്തിൽ എത്തിച്ചതെന്നും തോമസ് ഐസക് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ കഴിഞ്ഞ ഒരു വർഷമായി പബ്ലിക് ഡൊമൈനിൽ ഉള്ളതാണെന്നും പുതുതായി കണ്ടു പിടിച്ചതൊന്നുമല്ലെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

നഷ്ടത്തിലായിരുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ കോടികൾ നിക്ഷേപിച്ചുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആരോപണം. കേരളത്തിലെ എംഎസ്എംഇ വ്യവസായി വായ്പ നൽകാൻ രൂപീകരിച്ചതാണ് ഈ സ്ഥാപനം.  ആർസിഎഫ്എൽ എന്ന അനിൽ അംബാനിയുടെ കമ്പനിയില്‍ കെഎഫ്സി 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചു എന്നും  വി.ഡി. സതീശന്‍ പറഞ്ഞു.

SCROLL FOR NEXT