നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പുമായി ഖലിസ്ഥാന്‍വാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുന്‍. സിഖ് ജനതയ്ക്കാണ് പന്നുന്‍ മുന്നറിയിപ്പ് നൽകിയതെന്നാണ് റിപ്പോർട്ട്. സിഖ് വംശഹത്യയുടെ 40-ാം വാർഷികമായതിനാൽ എയർ ഇന്ത്യ വിമാനങ്ങളിൽ ആക്രമണം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.
എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണിയുണ്ടെന്നും യാത്രക്കാർ യാത്രകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഗുർപത്വന്ത് സിങ് പന്നുന്‍ തിങ്കളാഴ്ചയാണ് രംഗത്തെത്തിയത്. ഏതെങ്കിലും ഒരു എയർ ഇന്ത്യ വിമാനത്തിൽ ആക്രമണം നടത്തുമെന്നും ഗുർപത്വന്ത് സിങ് പന്നുന്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷവും സമാന മുന്നറിയിപ്പുമായി പന്നുന്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, ഗുർപത്വന്ത് പന്നുനിനെതിരെ ഉണ്ടായ വധശ്രമത്തിന് പിന്നില്‍ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങുമായി (റോ) ബന്ധമുള്ള മുൻ ഇന്ത്യൻ ഇൻ്റലിജൻസ് ഓഫീസർ വികാഷ് യാദവ് ആണെന്ന് യുഎസ്. യുഎസ്, കാനഡ എന്നീ രാജ്യങ്ങളുടെ ഇരട്ട പൗരത്വമുള്ള പന്നുന്‍ നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകനുമാണ്. നിലവില്‍ ഇന്ത്യയിലുള്ള വികാഷ് യാദവിന്‍റെ പേരില്‍ ന്യൂയോർക്ക് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പന്നുനിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ വികാഷിനെ കൈമാറണമെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടേക്കാം.
കേസിലെ മറ്റൊരു പ്രതിയായ നിഖില്‍ ഗുപ്തയെ കഴിഞ്ഞ ജൂണില്‍ ചെക്കിയയില്‍ നിന്നും യുഎസിലേക്ക് കൈമാറ്റം ചെയ്തിരുന്നു. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ 40 വർഷം വരെ തടവുശിക്ഷയാകും വികാഷിനും നിഖിലിനും ലഭിക്കുക. കൊലപാതക ശ്രമം, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഗൂഢാലോചന എന്നിവയാണ് ഇവർക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍.