ഡൽഹിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഖലിസ്ഥാൻ ഭീകരർ. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന ഖലിസ്ഥാനി ഗ്രൂപ്പ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപം സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ സ്‌കൂളിൻ്റെ മതിൽ തകർന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
അന്വേഷണത്തിൻ്റെ ഭാഗമായി സെക്ടർ 14 രോഹിണിയിലെ സ്‌കൂളിന് സമീപമുള്ള സ്ഥലത്തു നിന്ന് ബോംബ് സ്‌ക്വാഡും പൊലീസ് ഫോറൻസിക് സംഘവും സാമ്പിളുകൾ എടുത്തിരുന്നു. ദേശീയ അന്വേഷണ ഏജൻസി, ദേശീയ സുരക്ഷാ ഗാർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
സ്‌കൂളിൻ്റെ മതിലിനും സമീപത്തെ കടകൾക്കും കാറിനും സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്. സ്‌കൂളിന് പുറത്തുള്ള സ്ഥലത്ത് പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്ത് നിന്ന് സംശയാസ്പദമായി കണ്ടെത്തിയ 'വെളുത്ത പൊടി' ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. സ്‌കൂൾ മതിലിനോട് ചേർന്ന് മണ്ണ് കുഴിച്ചും സാമ്പിളുകൾ എടുത്തിരുന്നു.