NEWSROOM

ഖലിസ്ഥാൻ നേതാവ് അർഷ് ദല്ലയെ കൈമാറണം; കാനഡയോട് ആവശ്യമറിയിച്ച് വിദേശകാര്യ മന്ത്രാലയം

കഴിഞ്ഞ വർഷം ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ കൊല്ലപ്പെട്ട ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ അടുത്ത അനുയായിയാണ് ദല്ല

Author : ന്യൂസ് ഡെസ്ക്

ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ് ദല്ലയെ കൈമാറണമെന്ന് വിദേശകാര്യ മന്ത്രാലയം കാനഡയോട് ആവശ്യപ്പെട്ടു. ഒന്റാറിയോയിലെ മില്‍ട്ടണില്‍ നടന്ന അക്രമാസക്തമായ വെടിവയ്പ്പിന് പിന്നാലെ കനേഡിയന്‍ അധികൃതര്‍ ഖാലിസ്ഥാനി ഭീകരന്‍ അര്‍ഷ് ദല്ല എന്ന അര്‍ഷ്ദീപ് സിംഗ് ഗില്ലിനെ അറസ്റ്റ് ചെയ്തതായി പ്രാദേശിക കനേഡിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ഭീകരനെ കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യ കുറച്ചുകാലമായി ദല്ലയുടെ പ്രവർത്തനങ്ങൾ പിന്തുടരുകയായിരുന്നുവെന്നും, കാനഡയുമായി ഒത്തുതീർപ്പുണ്ടക്കി ഇയാളെ കൈമാറാനുള്ള ശ്രമത്തിലാണ് അധികൃതരെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺദീർ ജയ്‌സ്വാൾ പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ വർഷം ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ കൊല്ലപ്പെട്ട ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ അടുത്ത അനുയായിയാണ് ദല്ല. ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിൻ്റെ യഥാർത്ഥ തലവനെന്ന് കരുതപ്പെടുന്ന അർഷ് ദല്ലയെ ഒൻ്റാറിയോയിൽ വെച്ച് ഒക്‌ടോബർ 28ന് നടന്ന വെടിവെപ്പിനെ തുടർന്നാണ് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ സർക്കാർ ദല്ലയെ തീവ്രവാദിയായി കണക്കാക്കുന്നുണ്ടെങ്കിലും, കനേഡിയൻ സർക്കാർ ഇതുവരെ അത് സ്ഥിരീകരിച്ചിട്ടില്ല.

സെപ്റ്റംബറിൽ പഞ്ചാബിലെ മോഗ ജില്ലയിൽ വെടിയേറ്റ് മരിച്ച കോൺഗ്രസ് നേതാവ് ബൽജീന്ദർ സിംഗ് ബല്ലിയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ദല്ല ഏറ്റെടുത്തിരുന്നു. കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകുന്നതുൾപ്പെടെയുള്ള 50-ലധികം കേസുകളിൽ അർഷ് ദല്ല കുറ്റവാളിയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.

SCROLL FOR NEXT