വൈറലാകാനായി രാജ്യത്തിൻ്റെ ദേശീയ പക്ഷിയായ മയിലിനെ കറിവെച്ച് വ്ളോഗ് ഒരുക്കിയ തെലങ്കാന സ്വദേശിയായ യൂട്യൂബർ നിയമക്കുരുക്കിൽ. സിറിസില ജില്ലയിലെ തങ്കല്ലപ്പള്ളി സ്വദേശി കോടം പ്രണയ് കുമാറിനായാണ് പൊലീസ് തെരച്ചിൽ ആരംഭിച്ചിരിക്കുന്നത്.
'ട്രെഡീഷണൽ പീകോക്ക് കറി' എന്ന പേരിൽ മയിലിനെ കൊന്ന് കറിവെക്കുന്ന വീഡിയോ യൂട്യൂബിൽ ഇട്ടതോടെയാണ് ഇയാൾക്കെതിരെ നിയമനടപടി തുടങ്ങിയത്. മയിൽ ഇന്ത്യയുടെ ദേശീയ പക്ഷിയാണ്. രാജ്യത്തെ നിയമമനുസരിച്ച് മയിലുകളെ വളർത്തുകയോ പിടിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിയമം ലംഘിച്ചാൽ ഉണ്ടായാൽ കർശനമായ പിഴശിക്ഷയും ലഭിക്കും.
പ്രണയ് കുമാറിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും കടുത്ത നടപടികളുണ്ടാകുമെന്നും സിറിസില എസ്.പി അഖിൽ മഹാജൻ പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന മറ്റുള്ളവർക്കെതിരെയും നടപടിയുണ്ടാകുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
നിലവിൽ മയിലിനെ കറിവെക്കുന്ന വീഡിയോ യൂട്യൂബ് നീക്കം ചെയ്തിട്ടുണ്ട്. പ്രണയ് കുമാറിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മൃഗാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. മുമ്പത്തെ വീഡിയോകളിൽ കാട്ടുപന്നി കറി തയ്യാറാക്കുന്നത് കുമാർ അവതരിപ്പിച്ചിരുന്നു.