കേരളത്തിൻ്റെ പരമ്പരാഗത തനിമ വിളിച്ചോതുന്ന പ്രധാന ഉൽപ്പന്നങ്ങളിലൊന്നാണ് കിള്ളിമംഗലം പുൽപ്പായ. ഇപ്പോൾ കേരളത്തിൻ്റെ മാത്രമല്ല, ലോക വിപണിയും കീഴടക്കി കൊണ്ടിരിക്കുകയാണ്. നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടും പായ നിർമാണത്തെ കൈവിടാതെ കൂടെ കൂട്ടുകയാണ് തൃശൂർ ജില്ലയിലെ പാഞ്ഞാൾ പഞ്ചായത്തിലെ ഒരു കൂട്ടം വനിതകൾ.
കിള്ളിമംഗലം സൊസൈറ്റിയിൽ അംഗങ്ങളായ എട്ട് വനിതകളുടെ കരവിരുതിലാണ് കിള്ളിമംഗലം പായകൾ കടലുകൾ താണ്ടി ലോക വിപണികൾ കീഴടക്കുന്നത്. 75 വർഷത്തെ പാരമ്പര്യമുള്ള സൊസൈറ്റിയെ വനിതാ കൂട്ടായ്മ ഏറ്റെടുത്തതോടെ മാറ്റത്തിന് വഴി തെളിഞ്ഞു. കൈകൾ കൊണ്ട് നെയ്തെടുക്കുന്ന പായകൾ പൂർത്തിയാക്കണമെങ്കിൽ ചുരുങ്ങിയത് ഏഴ് ദിവസം മുതൽ പതിനാറ് ദിവസം വരെ ആവശ്യമാണ് .
പരമ്പാരഗതമായി നിർമിച്ചിരുന്ന പായകൾക്കൊപ്പം പുതിയ കാലത്തിനാവശ്യമായ നിരവധി ഉത്പന്നങ്ങളും ഇവർ നിർമിക്കുന്നുണ്ട്. ഇന്ത്യയിൽ സംരക്ഷണം ആവശ്യമുള്ള പരമ്പാരഗത ഉത്പന്നങ്ങളുടെ പട്ടികയിലും കിള്ളിമംഗലം പായകൾ ഇടംനേടി. ഈ കൂട്ടായ്മയുടെ പ്രവർത്തന ഫലത്തിന് പിന്നാലെ യുനസ്കോയുടെ അംഗീകരാവും തേടിയെത്തി.